തിരുവനന്തപുരം നെടുമങ്ങാട് പതിനാറുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കേസിൽ പെൺകുട്ടിയുടെ അമ്മ മഞ്ജുഷയ്ക്കും കാമുകൻ അനീഷിനുമെതിരെ കൊലകുറ്റം ചുമത്തി. ജൂൺ 11നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നായിരുന്ന അമ്മയുടെ മൊഴി.
രണ്ടാഴ്ച മുമ്പാണ് നെടുമങ്ങാട് കരിപ്പൂരിൽ നിന്ന് കാണാതായ പതിനാറുവയസ്സുള്ള പെൺകുട്ടിയെ കാരാന്തറ ആർ.സി. പള്ളിക്കു സമീപത്തെ വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തിരുന്നു. വാടകവീട്ടിൽ താമസിച്ചിരുന്ന മഞ്ജുവിനെയും മകളെയും ഒരാഴ്ചയായി കാണാനില്ലെന്നു കാട്ടി അമ്മൂമ്മ നെടുമങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നു. നേരത്തേ നെടുമങ്ങാട് കരിപ്പൂരിൽ താമസിച്ചിരുന്ന ഇവർ ഇപ്പോൾ നെടുമങ്ങാട് പറണ്ടോട് വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു.
മകളെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജുവും കാമുകനും പരസ്പരവിരുദ്ധമായ മറുപടിയാണ് പോലീസിന് നൽകിയത്. ഇവരുടെ പെരുമാറ്റവും സംശയമുണ്ടാക്കി. തുടർന്ന് പോലീസ് വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി.വിശദമായി ചോദ്യംചെയ്തപ്പോഴാണ് പെൺകുട്ടി കൊല്ലപ്പെട്ട വിവരമറിയുന്നത്