നെടുമങ്ങാട് സമ്പൂർണ ഡിജിറ്റൽ മണ്ഡലം ആയതിന്റെ ഉദ്ഘാടനം ഇന്ന് (ജൂലൈ 30) വൈകിട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. മന്ത്രിമാരായ അഡ്വ. ജി. ആർ. അനിൽ, പി. പ്രസാദ് എന്നിവർ പങ്കെടുക്കും.
പഠനത്തിനായി മൊബൈൽ ഫോണോ മറ്റു സംവിധാനങ്ങളോ ഇല്ലാതിരുന്ന രണ്ടായിരത്തിലധികം കുട്ടികൾക്കും പഠന സൗകര്യം മണ്ഡലത്തിലെ എം. എൽ. എ കൂടിയായ മന്ത്രി ജി. ആർ. അനിലിന്റെ നേതൃത്വത്തിൽ ഒരുക്കുകയായിരുന്നു. മണ്ഡലത്തിലെ വിവിധ സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, സർക്കാർ സംവിധാനങ്ങൾ എന്നിവയെ ഏകോപിപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ടിവിയും സംഘടിപ്പിച്ചു നൽകുകയായിരുന്നു. വീട്ടിൽ വൈദ്യുതി കണക്ഷൻ ഇല്ലാതിരുന്ന 17 കുട്ടികളാണ് ഉണ്ടായിരുന്നത്. മലയോര മേഖലയിൽ ഉൾപ്പെടെ വൈദ്യുതി ലഭ്യമല്ലാതിരുന്ന വീടുകളിൽ വൈദ്യുതി കണക്ഷൻ എത്തിക്കുകയും ഇന്റർനെറ്റ് ലഭ്യമല്ലാതിരുന്ന 102 സ്‌പോട്ടുകൾ ബി. എസ്. എൻ. എൽ കണ്ടെത്തി കവറേജ് ഉറപ്പാക്കുകയും ചെയ്തിരുന്നു.