സമഗ്ര വികസനത്തിന് തയാറെടുത്ത് നെടുമങ്ങാട് നഗരസഭ

66

നെടുമങ്ങാട് നഗരസഭ 2024-25 ലെ വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. നെടുമങ്ങാട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രദേശത്ത് താമസി ക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കികൊണ്ടുള്ള വികസന കാഴ്ച പ്പാടാണ് നഗരസഭയുടേതെന്ന് മന്ത്രി പറഞ്ഞു.

നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എസ്. സിന്ധു കരട് പദ്ധതി രേഖ അവതരിപ്പിച്ചു. നെടുമങ്ങാട് നഗരസഭ യിലെ 16 വര്‍ക്കിങ് ഗ്രൂപ്പുകള്‍ തയാറാക്കിയ പദ്ധതികള്‍, 39 വാര്‍ഡ് സഭകളില്‍ ചര്‍ച്ച ചെയ്ത് നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് കരട് പദ്ധതി രേഖ തയാറാക്കിയത്. 21 കോടി രൂപ പദ്ധതി വിഹിതവുമായി നഗരസഭയുടെ സമഗ്ര വികസനമാണ് ഭരണ സമിതി 2024-25 വാര്‍ഷിക പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.

കാര്‍ഷിക മേഖലയുടെ വികസനത്തിനും പുരോഗതിക്കുമായി വിവിധ പദ്ധതികള്‍, പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ടു കൊണ്ട് ചെറുകിട സംരംഭ പ്രോജക്ടുകളും ഉത്പാദന യൂണിറ്റുകളും പ്രോത്സാഹിപ്പിക്കുന്ന നൂതന പദ്ധതികള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വര്‍ക്ക് പ്രത്യേക പരിഗണന നല്‍കികൊണ്ട് വയോമിത്രം, വൃദ്ധസദന പരിപാലനം, സ്ത്രീകളുടെ തൊഴില്‍ വരുമാന വര്‍ദ്ധനവ്, സാമൂഹ്യ പദവി ഉയര്‍ത്തല്‍, വനിതാ ഹോസ്റ്റല്‍ പൂര്‍ത്തീകരണം തുടങ്ങിയവയാണ് പുതിയ വാര്‍ഷിക പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.

മാലിന്യ സംസ്‌കരണ മേഖലയില്‍ ആധുനിക ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍, ആധുനിക അറവുശാല നിര്‍മാണ പൂര്‍ത്തീകര ണം, ക്രിമിറ്റോറിയം പുതിയ യൂണിറ്റ് സ്ഥാപിക്കല്‍ എന്നീ പദ്ധതികള്‍ നടപ്പിലാക്കും.നഗരാസൂത്രണ പദ്ധതിയിലൂടെ നെടുമങ്ങാട്, ഇരിഞ്ചയം മാര്‍ക്കറ്റുകള്‍ കിഫ്ബി സഹായത്തോടെ നവീകരിക്കുക, മാസ്റ്റര്‍ പ്ലാനിനെ അടിസ്ഥാനപ്പെടുത്തി നഗരത്തിന്റെ വികസനം ത്വരിതപ്പെടുത്തുക, നെടുമങ്ങാട് നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണം എന്നീ പദ്ധതികളും നടപ്പിലാക്കും .

കൂടാതെ പട്ടികജാതി ഉപപദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ പ്രദേശത്തെ പ്രധാന 9 പട്ടികജാതി കോളനികളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുക, പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് മികച്ച വിദ്യാഭ്യാസം, ഭൂമി, വീട് എന്നിവയ്ക്കായി 3, 82,34,504 രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. പട്ടികവര്‍ഗ്ഗ ഉപപദ്ധതിയില്‍ 1,83,767 രൂപയുടെ പദ്ധതികള്‍ നടപ്പാക്കും.

നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭയിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരും പങ്കെടുത്തു.

NO COMMENTS

LEAVE A REPLY