ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് പൊതു സമൂഹത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അതിനായി ഏകോപിത പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. ലഹരി ഉപയോഗ വ്യാപനവും കുട്ടികളുടെ പുനരധി വാസവും എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന സംസ്ഥാന തല കർത്തവ്യവാഹകരുടെ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി ‘
സമയബന്ധിതമായി പൂർത്തീകരിക്കേണ്ട അതിസങ്കീർണമായ വിഷയമാണ് ലഹരിക്കെതിരായ പ്രതിരോധവും പുനരധിവാസവും. ഇതി നായി സർക്കാർ തലത്തിൽ പോലീസ്, എക്‌സൈസ് വകുപ്പുളടക്കമുള്ളവരുടെ ഏകോപനം ശക്തമാക്കും. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലെ സുപ്രധാന അജണ്ടയാണ് ലഹരിക്കെതിരായി നടത്തുന്ന പ്രവർത്തനങ്ങൾ എന്നതിനാൽ സംസ്ഥാന ഗവൺമെന്റിന്റെ സുപ്രധാന പരിഗണന വിഷയമാണിത്.
കർമമണ്ഡലത്തിന് പുറത്ത് ലഹരി വിമോചന കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, കൗൺസലിംഗ് എന്നിവ അടക്കം നടത്തുന്ന സർക്കാരിതര സംഘടനകളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. രണ്ടോ മൂന്നോവർഷം മുൻപുള്ള വെല്ലുവിളിയല്ല നമ്മൾ ലഹരി യുടെ കാര്യത്തിൽ ഇന്ന് നേരിടുന്നത്. സിന്തറ്റിക് ലഹരിയെ സംബന്ധിച്ചടുത്തോളം കെമിക്കൽ സ്ട്രക്ച്ചർ അനുദിനം മാറുന്നു.
അതിനനുസരിച്ച് തലച്ചോറിലുണ്ടാകുന്ന ആഘാതം വ്യത്യസ്തമാകുന്നു. ഇതിനനുസരിച്ച് ചികിൽസയടക്കം നിർദേശിക്കുക എന്നത് പുതിയ കാലത്തെ വെല്ലുവിളിയാണ്.ലഹരി മുക്ത കേരളത്തിന് സർക്കാരുമായി സഹകരിക്കുന്നതിന് ഡോൺ ബോസ്‌കോ പോലെയുള്ള എൻ ജി ഒ കളെ സ്വാഗതം ചെയ്യുന്നതായി ചീഫ് സെക്രട്ടറി പറഞ്ഞു. ബാലാവകാശ നിയമങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫിന് നൽകി ചീഫ് സെക്രട്ടറി നിർവഹിച്ചു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോൺ ബോ സ്‌കോ ബ്രഡ്സ് ഡ്രീം പ്രൊജക്റ്റ്, സ്റ്റേറ്റ് ഡയറക്ടർ, റവ. ഫാ. ഫിലിപ്പ് പരക്കാട്ട് ആമുഖഭാഷണം നടത്തി.സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം എൻ. സുനന്ദ സ്വാഗതം ആശംസിച്ചു. തദ്ദേശ സ്വയംഭരണം, സാമൂഹ്യനീതി, വനിത ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ്, ബ്രഡ്സ് ബാംഗ്ലൂർ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജോർജ് പി. എസ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ജലജമോൾ. റ്റി.സി എന്നിവർ സംബന്ധിച്ചു.
മദ്യ മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണം, കുട്ടികളിലെ ലഹരി ഉപയോഗം, ലഹരിക്കടിമപ്പെട്ടു പോകുന്ന കുട്ടികളുടെ പുനരധിവാസം എന്നിവ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് കേരളത്തിലെ പ്രധാനപ്പെട്ട കർത്തവ്യവാഹകരുടെ ഒരു യോഗമാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ഡോൺ ബോസ്‌കോ ബ്രെഡ്സ് ഡ്രീം പദ്ധതിയും സംയുക്തമായി സംഘടിപ്പിച്ചത്.
വിവിധ സർക്കാർ വകുപ്പുകളിലും, സർക്കാരിതര സംഘടനകളിലും, കുട്ടികളിലെ മയക്കുമരുന്നിന്റെയും ലഹരിയുടെയും ദുരുപ യോഗവും ആസക്തിയും തടയുന്നതിന് വേണ്ടി പ്രവർത്തിച്ചുവരുന്ന കർത്തവ്യവാഹകർ ശില്പശാലയിൽ പങ്കെടുത്തു. മയക്കുമരുന്നിനും ലഹരിക്കും അടിമപ്പെട്ടുപോയ കുട്ടികൾക്കുള്ള സംരക്ഷണവും പുനരധിവാസവും എപ്രകാരം സാധ്യമാക്കാം, ലഹരിക്കെതിരായുള്ള തുടർപ്രവർത്തനങ്ങൾ, കർത്തവ്യവാഹകരുടെ ഇടപെടലുകൾ, നിർദ്ദേശങ്ങൾ, എത്ര പേർക്കിടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ എത്തിക്കാൻ കഴിഞ്ഞു, ഭാവി പരിപാടികൾ എന്തൊക്കെയാണ് എന്നീ വിഷയങ്ങൾ ഏകദിന ശിൽപ്പശാല ചർച്ച ചെയ്തു.