നെഹ്റു കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി

195

തൃശ്ശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് നടത്തുന്ന അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ജിഷ്ണുവിന് മര്‍ദ്ദനമേറ്റെന്ന് പറയപ്പെടുന്ന ദിവസത്തെയും അതിന് മുമ്പുള്ള ദിവസങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ കോളേജിലെ ഹാര്‍ഡ് ഡിസ്ക്കില്‍ നിന്ന് നശിപ്പിക്കപ്പെട്ടതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിനായി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്ക് ഫോറന്‍സിക് ലാബിന് കൈമാറി. ഇന്നലെ കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നിന്ന് രക്തക്കറ പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ ജിഷ്ണുവിന് കോളേജില്‍ വെച്ച് മര്‍ദ്ദനമേറ്റിരുന്നെന്ന സഹപാഠികളുടെയും ബന്ധുക്കളുടെയും ആരോപണം സത്യമാണെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദൃക്സാക്ഷികളൊന്നുമില്ലാത്ത കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ അത് കോളേജ് മാനേജ്മെന്റിനെതിരെ ശക്തമായ തെളിവായി മാറും.

NO COMMENTS

LEAVE A REPLY