ജിഷ്ണു പ്രണോയിയെ അധ്യാപകര്‍ മര്‍ദ്ദിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമായി. കോളേജിലെ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും അനിശ്ചിത കാലം സമരം ആരംഭിച്ചു. അതേ സമയം നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പൊലീസ് ആരംഭിച്ചു. ജിഷ്ണുവിന്‍റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. ഇതിനിടെയാണ് ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന പേരില്‍ മനഃപൂര്‍വ്വം കുടുക്കിയതാണെന്നും വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയത്. ഇതോടെ പി കൃഷ്ണദാസ് അടക്കമുള്ള പ്രതികളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് സമരം തുടരാനാണ് വിദ്യാത്ഥികളുടെ തീരുമാനം. നെഹ്രു കോളജിലെ വിദ്യാര്‍ഥികളുടെ കൂട്ടായാമക്കൊപ്പം വിവിധ വിദ്യാര്‍ത്ഥി സംഘടനകളും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു ഇന്‍റേണല്‍ മാര്‍ക്കിന്റെ പേരിലുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കുക, അച്ചടക്കത്തിന്‍റെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക തുടങ്ങി പത്തിലേറെ ആവശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതേ സമയം ഒളിവില്‍ പോയ പി കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു.