തിരുവനന്തപുരം : പാഠപുസ്തകത്താളുകൾക്കപ്പുറം നന്മയുടെ സേവനരംഗത്തേക്കിറങ്ങിയത് നേമം വിക്ടറി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിളാണ്. ഇവർ ഓണക്കാലത്ത് സമാഹരിച്ച തുകകൊണ്ട് ശാന്തിവിള ഗവ: താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഓണക്കോടികളും ക്ലോക്കുകളും വിതരണം ചെയ്തു കൊണ്ടാണ് മാതൃകയായത്. ഈ വർഷത്തെ
ഓണത്തിന് അവശതയിൽ കഴിയുന്ന രോഗികളുടെ അരികിലെത്തി അവരോടൊപ്പം കുറച്ചു സമയം ചിലവഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥിനികൾ തുക സമാഹരിച്ചത്.പണമില്ലാത്തത് മാത്രമല്ല പണമുണ്ടായിട്ടും മരുന്നോ ഭക്ഷണമോ വാങ്ങാൻ കഴിയാതെ ഒറ്റപ്പെട്ടുപോകുന്നവർ ഇന്ന് ഏറെയാണ്. പരസ്പര സഹായമില്ലാതെ ആർക്കും ജീവിക്കാനാവില്ലയെന്നും എപ്പോഴെങ്കിലും എന്തിനെങ്കിലുമൊക്കെ ആരുടെയെങ്കിലും സഹായം തേടേണ്ടി വരുമെന്നുമാണ് ഇവിടുത്തെ അധ്യാപകരുടെ അഭിപ്രായം. തങ്ങളുടെ സ്കൂൾ വിദ്യാർഥിനികളുടെ ആവശ്യമറിഞ്ഞ സ്കൂൾ ഹെഡ്മിസ്ട്രസ്സും മറ്റു അധ്യാപകരും ഇതിനായി സന്നദ്ധസേന രൂപീകരിച്ച് പദ്ധതി കൂടുതൽ ജനകീയമാക്കുകയായിരുന്നു.
ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. ശിവകുമാർ, സീനിയർ ഡോ. പ്രേംകുമാർ, നഴ്സിംഗ് സൂപ്രണ്ട് ഗീതാ കുമാരി, സീനിയർ നഴ്സിംഗ് ഓഫീസർമാരായ ശുഭ, സിന്ധ്യ എന്നിവരും നേമം സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആശ എസ് നായർ, മറ്റ് അധ്യാപകരായ അനുഷ, ഇന്ദു, രതീഷ് ബി പി ഇ റോയ് ആർ പി, അബൂബക്കർ സിദ്ധീഖ് എന്നിവരും പങ്കെടുത്തു.