ദില്ലി: ബന്ധുനിയമന വിവാദത്തിൽ ഇ.പി. ജയരാജനെയും പികെ ശ്രീമതിയെയും സിപിഎം കേന്ദ്രകമ്മിറ്റി താക്കീത് ചെയ്തു. ബന്ധുനിയമന വിവാദം സിപിഎം കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ച ചെയ്താണ് ഈ തീരുമാനം എടുത്തത്. കേന്ദ്രകമ്മിറ്റി യോഗത്തിന്റെ അവസാന സെഷനിലാണ് നടപടി സ്വീകരിച്ചത്. വ്യവസായ വകുപ്പിനു കീഴിലെ വിവിധ തസ്തികകളിൽ ബന്ധുക്കളെ നിയമിച്ചതിൽ ഇ.പി. ജയരാജനും പി.കെ. ശ്രീമതി എംപിക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇരു നേതാക്കളുടെയും വിശദീകരണം തേടിയതിനു ശേഷം നടപടിയെക്കുറിച്ച് കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമെടുക്കാമെന്നുമായിരുന്നു തിങ്കളാഴ്ച ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണയായിരുന്നത്. ശ്രീമതി ടീച്ചര്‍ തെറ്റുപറ്റിയെന്ന് കേന്ദ്ര കമ്മിറ്റിയില്‍ അറിയിച്ചു. വിഷയത്തിൽ ജയരാജനും ശ്രീമതിക്കും വീഴ്ച പറ്റിയതായി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിരുന്നു. ഇത് അംഗീകരിച്ച പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിയില്‍ നടപടിക്ക് നിര്‍ദേശിക്കുകയായിരുന്നു.