തൊടുപുഴ സി.പി.ഐ. സംസ്ഥാന കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം പാര്‍ട്ടി നേതാക്കളുടെ സ്വത്തുവിവരം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ മുതല്‍ മുകളിലേക്കുള്ള മുഴുവന്‍ അംഗങ്ങളും പാര്‍ട്ടിക്കു സ്വത്തുവിവരം സംബന്ധിച്ച കണക്കു നല്‍കണം. ജനപ്രതിനിധികളും ഇതിന്റെ പരിധിയില്‍വരും. കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച നിര്‍ദേശം പാര്‍ട്ടി അംഗങ്ങള്‍ക്ക് നല്‍കിയത്. ഇതിന്റെ ഭാഗമായി ജില്ലതിരിച്ച് പ്രത്യേക ഫോറത്തില്‍ അംഗങ്ങള്‍ സ്വത്തുവിവരത്തിന്റെ വിശദാംശങ്ങള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഇതു പൂര്‍ത്തിയായാല്‍ ഇവ സി.പി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കണക്കുകള്‍ കൃത്യമാണോയെന്ന് പരിശോധിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. പാര്‍ട്ടിയിലെ സാധാരണ അണികള്‍ക്കടക്കം നേതാക്കളുടെ സ്വത്തുവിവരം പരിശോധിക്കാനുള്ള അവസരം ഇതുവഴി കൈവരും. നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരികയാണ് ഇതുവഴിയുള്ള ലക്ഷ്യം. സംസ്ഥാന കൗണ്‍സില്‍ സീല്‍വെച്ച് പ്രത്യേകം ഫോറങ്ങള്‍ ഇതിനായി ജില്ലാ നേതൃത്വം വഴി വിതരണം ചെയ്തിട്ടുണ്ട്. കുടുംബ വരുമാനം, വീടിന്റെ നിര്‍മാണ ചെലവ്, പുതുതായി സ്ഥലം വാങ്ങിയാല്‍ അതിന്റെ മതിപ്പുവില, വാഹനം വാങ്ങിയാല്‍ അതിന്റെ വിശദാംശങ്ങള്‍, ഭാര്യയുടെ പേരിലുള്ള സ്വത്തുവിവരം, സ്വര്‍ണം, ബാങ്ക് നിക്ഷേപങ്ങള്‍, അവിവാഹിതരായ മക്കളുടെ പേരിലുള്ള സ്വത്തുക്കള്‍, പാര്‍ട്ടി അലവന്‍സ്, പൂര്‍ണ മേല്‍വിലാസം തുടങ്ങിയവയൊക്കെ വെളിപ്പെടുത്തണം. മുന്‍പു സ്ഥലം വാങ്ങുകയോ വീടു നിര്‍മിക്കുകയോ വാഹനം വാങ്ങുകയോ ചെയ്യുന്പോള്‍ ആ കണക്ക് പാര്‍ട്ടിക്ക് എഴുതി നല്‍കണമായിരുന്നു. എന്നാല്‍ ഇടക്കാലത്ത് ഇക്കാര്യത്തില്‍ വീഴ്ച്ചയുണ്ടായി. കാനം രാജേന്ദ്രന് സംസ്ഥാന സെക്രട്ടറിയായി എത്തിയതോടെയാണ് പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഈ മാസം 30ന് മുന്‍പ് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇതിനായി മിക്ക ജില്ലകളിലും ഈ മാസം അവസാനത്തോടെ ജില്ലാ കൗണ്‍സില്‍ ചേരുമെന്നും അറിയുന്നു. ഇടുക്കിയില്‍ 26, 27 തീയതികളിലാണ് ജില്ലാ കൗണ്‍സില്‍.