എറണാകുളം: ഡൽഹി – തിരുവനന്തപുരം പ്രത്യേക ട്രെയിനിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ മന്ത്രി വി. എസ് സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം വിലയിരുത്തി. 15ാം തീയതി പുലർച്ചെ ഒരു മണിക്ക് പ്രത്യേക ടെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തും. യാത്രക്കാരെ സ്റ്റേഷനിൽ ആരോഗ്യ വിഭാഗം ജീവനക്കാർ പരിശോധിക്കും.
രോഗലക്ഷണമുള്ള യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ആംബുലൻസ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കും. 400 യാത്രികരെയാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇവർക്കായി നാല് മെഡിക്കൽ കൗണ്ടറുകൾ സജ്ജീകരി ക്കും. കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ ഇതുവരെ 204 പേർ രെജിസ്ടറ്റർ ചെയ്തിട്ടുണ്ട്.
ബാക്കിയുള്ളവരുടെ രെജിസ്ട്രേഷൻ നടപടികൾ സ്റ്റേഷനിൽ പൂർത്തിയാക്കും. ട്രെയിനിൽ എത്തുന്നവർക്ക് സ്വകാര്യ വാഹനങ്ങളിൽ പോകുന്നതിനുള്ള അനുവാദമുണ്ട്. ട്രെയിനിൽ എത്തുന്ന എല്ലാവരും വീടുകളിൽ ക്വാറന്റെനിൽ കഴിയണം.
ഗർഭിണികൾ ഉൾപ്പെടെ ശാരീരിക അവശതകൾ ഉള്ളവർക്കായി സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. യാത്രികർക്ക് വ്യക്തമായ നിർദ്ദേശങ്ങൾ സ്റ്റേഷനിൽ അനൗൺസ് ചെയ്യും. വിവിധ ജില്ലകളിലേക്കുള്ള യാത്രക്കാർ ക്കായി കെ.എസ്.ആർ.ടി.സി ബസുകൾ ഉണ്ടായിരിക്കും.
യോഗത്തിൽ ജില്ല കളക്ടർ എസ്. സുഹാസ്, ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ ജി. പൂങ്കുഴലി, സബ് കളക്ടർ സ്നേഹിൽകുമാർ സിംഗ്, അസിസ്റ്റന്റ് കളക്ടർ എം. എസ്. മാധവിക്കുട്ടി, റെയിൽവേ സുരക്ഷാസേന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.