ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം

83

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് ജില്ലയിലേക്ക് വരുന്നവര്‍ ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മിഞ്ചപദവ്, ഈശ്വരമംഗല തുടങ്ങിയ പ്രദേശങ്ങളിലൂടെ അനധികൃതമായി അതിര്‍ത്തി കടന്നു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പോലീസ് നീരീക്ഷണം ഏര്‍പ്പെടുത്താന്‍ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തെ സഹായിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളും, യുവജന സംഘടനകളും, സന്നദ്ധ സംഘടനകളും മറ്റും മുന്നോട്ടു വരണമെന്ന് ജില്ലാ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അഭ്യര്‍ത്ഥിച്ചു.

ജില്ലയിലേക്ക് തലപ്പാടി ചെക്‌പോസ്റ്റ് വഴി കടന്നുവരാന്‍ മാത്രമേ നിലവില്‍ അനുവദിക്കുന്നുള്ളൂ. എന്നാല്‍ പലരും മറ്റ് അതിര്‍ത്തി റോഡുകളിലൂടെ അനധികൃതമായി കടന്നുവരുന്നുണ്ട്്. ഇത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ പൊലീസ് നിരീക്ഷണം ബലപ്പെടുത്തും.ഫോറസ്റ്റ് വകുപ്പിലെ ഓഫീസര്‍മാരെ (യൂണിഫോമ്ഡ്) ജാല്‍സൂര്‍, തലപ്പാടി, പാണത്തൂര്‍ അതിര്‍ത്തികളില്‍ പോലീസുകാര്‍ക്കൊപ്പം ഡ്യൂട്ടിക്ക് നിയോഗിക്കും.ഇതിനായി ജീവനക്കാരുടെ വിശദ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറോട് കളക്ടര്‍ നിര്‍ദേശിച്ചു.

ഓരോ പോലീസ് സ്റ്റേഷനിലും ചുരുങ്ങിയത് പത്ത് പോലീസ് വോളണ്ടിയര്‍മാരെയെങ്കിലും ആവശ്യമുള്ളതിനാല്‍ കോളേജ് തലത്തിലുള്ള എന്‍ സിസി കേഡറ്റുകളെ ഇതിനായി നിയോഗിക്കുവാന്‍ യോഗം തീരുമാനിച്ചു. അതിര്‍ത്തി ചെക് പോസ്റ്റുകള്‍, ടൗണുകള്‍ എന്നിവിടങ്ങളില്‍ സേവനത്തിന് നിയോഗിക്കുന്നതിനായി 200 എന്‍ സി സി കേഡറ്റുകളുടെ (ആണ്‍ കുട്ടികള്‍ക്ക് മുന്‍ഗണന നല്കി) പട്ടിക സമര്‍പ്പിക്കുന്നതിന് ഡി.ഡി.ഇ യെ യോഗം ചുമതലപ്പെടുത്തി..

തട്ടുകടകളില്‍ ഭക്ഷണം പാര്‍സലായി മാത്രം

ജില്ലയിലെ അംഗീകാരമുള്ള തട്ടുകടകളില്‍ പാഴ്‌സലായി മാത്രമേ ഭക്ഷണം വിതരണം ചെയ്യാന്‍ പാടൂള്ളൂ.തട്ടുകടകള്‍ ഹരിതചട്ട പ്രകാരമേ പ്രവര്‍ത്തിക്കാവൂ. ഭക്ഷണം തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും മാസ്‌കും ഗ്ലൗസും നിര്‍ബന്ധമായും ധരിക്കണം.തട്ടുകടകളില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്തണം. വഴിയോര കച്ചവടങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിന് നിരീക്ഷണം കര്‍ശനമാക്കും

ഉപാധികളോടെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് പ്രവര്‍ത്താനാനുമതി

ജില്ലയിലെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്താനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. ഉപഭോക്താക്കളുടെ ശരീരത്തില്‍ കൈ കൊണ്ട് നേരിട്ട് സ്പര്‍ശിക്കാതെ ഉപകരണങ്ങള്‍ കൊണ്ട് ചെയ്യാവുന്ന ഹെയര്‍ കട്ടിങ്, ഹെയര്‍ ഡൈയിങ്, ഹെയര്‍ സ്‌ട്രൈറ്റനിങ്, ഹെയര്‍ കേര്‍ലിങ് സേവനങ്ങള്‍ ബ്യൂട്ടി പാര്‍ലറില്‍ ലഭ്യമാക്കാം

പ്രതികളെ പാര്‍പ്പിക്കുന്നതിന് പടന്നക്കാട് വെയര്‍ഹൗസ് ഗോഡൗണ്‍ ഏറ്റെടുക്കും

പോലീസ് പിടികൂടിയ പ്രതികളെ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി പരിശോധനാ ഫലം വരുന്നതുവരെ പാര്‍പ്പിക്കുന്നതിന് പടന്നക്കാട്ടെ വെയര്‍ഹൗസ് ഗോഡൗണ്‍ ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു. ഗോഡൗണ്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനാ നടത്തുന്നതിന് സബ്കളക്ടറെയും കാഞ്ഞങ്ങാട് ഡി വൈ എസ് പിയെയും ചുമതലപ്പെടുത്തി. ജയില്‍ വകുപ്പ് കോവിഡ് പരിശോധനാ ഫലം വരുന്നതുവരെ പ്രതികളെ താമസിപ്പിച്ചിരുന്നത് പൂടങ്കല്ല് ആശുപത്രിയിലാണ്. ഈ ആശുപത്രിയെ ഇതില്‍ നിന്നും ഒഴിവാക്കും.

പരീശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല

ഒരു തരത്തിലുള്ള പരിശീലന കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കുവാന്‍ നിലവില്‍ പാടില്ലത്തതിനാല്‍ യൂണിവേഴ്‌സിറ്റി പരീക്ഷയുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കുന്നതിന് കമ്പ്യൂട്ടര്‍ സെന്റര്‍ തുറന്നുപ്രവര്‍ത്തിക്കുവാനുള്ള അപേക്ഷ അനുവദിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു .

മണ്‍സൂണുമായി ബന്ധപ്പെട്ട അധിക ചുമതലകളുള്ളതിനാല്‍ അണുനശീകരണം നടത്തുന്ന പ്രവര്‍ത്തനത്തില്‍ നിന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പിനെ ഒഴിവാക്കും മോട്ടോര്‍ വാഹന വകുപ്പ് നിലവില്‍ ചെയ്തുവരുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും.എല്ലാ ഗ്രാമപഞ്ചായത്തുകളിലും അണുനശീകരണം നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പമ്പ് വാങ്ങുന്നതിനുള്ള പ്രൊപോസല്‍ ഡി.ഡി.പി അടിയന്തിരമായി തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

മുനിസിപ്പാലിറ്റികള്‍ സ്വന്തം ഫണ്ട് ഉപയോഗിച്ച് പമ്പ് വാങ്ങണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ടാംഘട്ട അണ്‍ലോക്ക് നിര്‍ദേശ പ്രകാരം വിവിധ സമ്മേളനങ്ങള്‍ക്കും ആളുകള്‍ കൂട്ടം കൂടുന്നതിനുമുള്ള വിലക്ക് ജില്ലയില്‍ തുടരും

NO COMMENTS