ലണ്ടന്‍: എച്ച്‌ഐവി രോഗികള്‍ക്ക് പുതു പ്രതീക്ഷ നല്‍കി എച്ച്‌ഐവി പോസിറ്റീവായ ലണ്ടന്‍ സ്വദേശി രോഗാണുബാധയില്‍ നിന്ന് പൂര്‍ണാമായും സുഖം പ്രാപിച്ചു. എച്ച്‌ഐവി പോസിറ്റീവായിരിക്കെ രോഗാണുബാധയില്‍ നിന്ന് കരകയറുന്ന ലോകത്തിലെ രണ്ടാമത്തെ വ്യക്തിയാണ് ഈ ലണ്ടന്‍ സ്വദേശി.
എച്ച്‌ഐവി പ്രതിരോധ ശേഷിയുള്ള ആളുടെ മജ്ജ മാറ്റിവെച്ചാണ് വൈറസ് ബാധ പൂര്‍ണ്ണമായും ഭേദമായതെന്ന് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ഗുണപരമായ ജനിതക വ്യതിയാനം (മ്യൂട്ടേഷന്‍) വഴി ചില മനുഷ്യര്‍ക്ക് എച്ച്‌ഐവി പ്രതിരോധ ശേഷി ലഭിക്കാറുണ്ട്. അത്തരമൊരു വ്യക്തിയുടെ മജ്ജയിലെ വിത്തുകോശങ്ങള്‍, എച്ച്‌ഐവി പോസിറ്റീവായ വ്യക്തി മൂന്നുവര്‍ഷം സ്വീകരിച്ചപ്പോഴാണ് അയാള്‍ വൈറസ്മുക്തി നേടിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മജ്ജ മാറ്റിവെക്കലിനൊപ്പം വൈറസ് പ്രതിരോധ മരുന്നുകളും ഉപയോഗിച്ചപ്പോള്‍ എച്ചഐവി വൈറസിന്റെ സാന്നിധ്യം രോഗിയില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായി. ‘നിലവില്‍ തിട്ടപ്പെടുത്താന്‍ കഴിയുന്ന ഒരു വൈറസിനെയും രോഗിയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല’, ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ സംഘത്തിലെ ഡോ. രവീന്ദ്ര ഗുപ്ത പറയുന്നു. എച്ച്‌ഐവിയെ നേരിടാന്‍ അധികം വൈകാതെ ശാസ്ത്രജ്ഞര്‍ക്ക് കഴിയും എന്നതിനുള്ള തെളിവാണ് ഈ കേസ്. എന്നാല്‍, ഐച്ചഐവിയെ ഭേദമാക്കാനുള്ള മരുന്നു കണ്ടെത്തി എന്ന് ഇതിനര്‍ഥമില്ലെന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.