പാറശാല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിക്ക് പുതിയ ഐ.പി ബ്ലോക്ക്

14

മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാറശാല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആശുപത്രിയിലെ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം സി.കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നിലയുള്ള ഐ.പി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

പ്രതിദിനം ഇരുന്നൂറ്റമ്പതിലധികം രോഗികളാണ് പാറശാല സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയില്‍ വിവിധ ചികിത്സകള്‍ക്കായി എത്തുന്നത്. പുതിയ ഐ.പി ബ്ലോക്ക് കൂടി എത്തുന്നതോടെ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനാകും. പ്രസൂതി ഗൈനക് വിഭാഗം ചികിത്സയും ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സ്നേഹധാര പദ്ധതിയും മികച്ച രീതിയില്‍ നടത്തി വരുന്നു. ജില്ലയുടെ അതിര്‍ത്തി പ്രദേശത്തായതിനാല്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരും ചികിത്സക്കായി പാറശാല ആയുര്‍വേദ ആശുപത്രിയെ ആശ്രയിക്കാറുണ്ട്.

പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍.മഞ്ജുസ്മിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെന്‍ ഡാര്‍വിന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്‍. സലൂജ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീലാ മേബ്ലറ്റ് ജി.വി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY