വനിതാ സഹകരണ സംഘങ്ങളിൽ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി പുതിയ സംരംഭകത്വങ്ങൾ ആരംഭിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പത്ത് വനിതാ സഹകരണ സംഘങ്ങളിലാണ് കോവിഡ് പ്രതിരോധ സാമഗ്രി നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നത്. നൂറു ദിന കർമ്മ പരിപാടിയിൽ സഹകരണ വകുപ്പിൽ പ്രഖ്യാപിച്ച സുപ്രധാന നടപടിയായിരുന്നു വനിതാ സഹകരണ സംഘങ്ങളിലെ പുതിയ സംരംഭകത്വം.
ഓരോ സഹകരണ സംഘങ്ങൾക്കും പുതിയ നിർമ്മാണ യൂണിറ്റുകൾ തുടങ്ങാൻ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. ഇന്ന് നടക്കുന്ന ചടങ്ങിൽ സഹകരണ മന്ത്രി വി.എൻ. വാസവനാണ് പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നത്. പത്ത് സംഘങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ അതത് നിയമസഭാ മണ്ഡലങ്ങളിലെ എംഎൽഎമാരും ജനപ്രതിനിധികളും പങ്കെടുക്കും.
തിരുവനനന്തപുരം ജില്ലയിൽ ബാലരാമപുരം വനിതാ സഹകരണ സംഘം (മാസ്‌ക് നിർമ്മാണ യൂണിറ്റ്), പത്തനംതിട്ട തുവയൂർ നോർത്ത് വനിതാ സഹകരണ സംഘം (മാസ്‌ക്, ക്യാരിബാഗ്), കോട്ടയം ചങ്ങനാശേരി മുൻസിപ്പൽ വനിതാ സഹകരണ സംഘം (ക്യാരി ബാഗ്, മാസ്‌ക്), എറണാകുളം കോതമംഗലം വനിതാ സഹകരണ സംഘം (മാസ്‌ക്, ക്യാരി ബാഗ്, സാനിറ്റൈസർ), തൃശ്ശൂർ മുണ്ടത്തിക്കോട് വനിതാ സഹകരണ സംഘം (പിപിഇ കിറ്റ്, സാനിറ്റൈസർ), പാലക്കാട് തൃക്കടീരി പഞ്ചായത്ത് വനിതാ സഹകരണ സംഘം (മാസ്‌ക്, പിപിഇ കിറ്റ്, ടെയ്ലറിംഗ് യൂണിറ്റ്), മലപ്പുറം പത്തപ്പിരിയം വനിതാ സഹകരണ സംഘം (സാനിറ്റൈസർ, ഹാൻഡ് വാഷ്) കോഴിക്കോട് ചക്കിട്ടപ്പാറ വനിതാ സർവീസ് സഹകരണ സംഘം (സാനിറ്റൈസർ, മാസ്‌ക്), കണ്ണൂർ പരിയാരം വനിതാ സർവീസ് സഹകരണ സംഘം (മാസ്‌ക്, ഹാൻഡ് വാഷ്, ക്യാരിബാഗ്, പിപിഇ കിറ്റ്) കാസർഗോഡ് മടിക്കൈ വനിതാ സർവീസ് സഹകരണ സംഘം (സാനിറ്റൈസർ, മാസ്‌ക്) തുടങ്ങിയ സംഘങ്ങൾക്കാണ് ഇന്ന് ധനസഹായം നൽകുന്നത്.