2016ന് വിട നല്‍കി ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുന്നു. ന്യൂസിലന്‍റിന് വടക്കുകിഴക്കായുള്ള സമോവ ദ്വീപുകളിലാണ് ലോകത്താദ്യം പുതുവര്‍ഷം പിറന്നത്. തൊട്ടുപിന്നാലെ ഓക്‌ലന്‍ഡിലുള്ള സ്‌കൈ ടവറിലെ കൂറ്റന്‍ ക്ലോക്കിലെ കൗണ്ട് ഡൗണിനൊപ്പം പതിനായിരങ്ങള്‍ ഹര്‍ഷാരവങ്ങളോടെ പുതുവര്‍ഷത്തെ വരവേറ്റു. പതിവുപോലെ വര്‍ണ്ണാഭമായ കരിമരുന്ന് കലാപ്രകടനങ്ങളും നടന്നു. വിവിധ രാജ്യങ്ങളെപ്പോലെ ഇന്ത്യയിലും വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ ആഘോഷങ്ങള്‍ നടന്നുവരികയാണ്. കടുത്ത സുരക്ഷാ വലയത്തിന് കീഴിലാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ആഘോഷം നടക്കുന്നത്. കേരളത്തില്‍ പ്രമുഖ നഗരങ്ങളിലെല്ലാം ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് കോവളത്തും കൊച്ചി, കോഴിക്കോട് ബിച്ചുകളിലും വിവിധ ഹോട്ടലുകളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. പൊലീസിന്റെ കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു ആഘോഷങ്ങള്‍. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് അനുവാദം നല്‍കിയെങ്കിലും രാത്രി 10 മണിക്ക് ശേഷം മദ്യം വിളമ്പരുതെന്ന് ഹോട്ടലുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നഷ്ടങ്ങളുടെയും ദുഃഖങ്ങളുടെയും പ്രതീകമായ കൂറ്റന്‍ പാപ്പാഞ്ഞിയെ കത്തിച്ചായിരുന്നു ഫോര്‍ട്ട് കൊച്ചിയിലെ ആഘോഷങ്ങള്‍…