മൗണ്ട് മൗന്‍ഗനൂയി: ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ബാറ്റിംഗ്. ടോസ് നേടിയ കിവീസ് നായകന് കെയ്ന്‍ വില്യംസണ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും ആധികാരിക ജയം നേടിയ ഇന്ത്യ ഇന്നു വിജയം തുടര്‍ന്ന് അഞ്ച് മത്സര പരമ്ബര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.
രണ്ട് മാറ്റങ്ങളുമായാണ് കോഹ്ലിയും സംഘവും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.പേശിവലിവിനേത്തുടര്ന്ന് മഹേന്ദ്ര സിംഗ് ധോനിക്ക് വിശ്രമം അനുവദിച്ചു. ദിനേഷ് കാര്‍ത്തികാണ് ധോനിക്ക് പകരക്കാരനായി ടീമിലിടം കണ്ടെത്തിയത്. വിവാദ പരാമര്‍ശത്തില്‍ സസ്പെന്ഷന് നടപടികള്‍ നേരിട്ട ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി.കിവീസ് നിരയിലും ഒരു മാറ്റമുണ്ട്. ഓള്‍റൗണ്ടര്‍ കോളിന് ഡി ഗ്രാന്‍ഡ് ഹോമിനെ പുറത്തിരുത്തിയ അവര്‍ പകരം മിച്ചല്‍ സാന്റ്നര്‍ക്ക് അവസരം നല്കി.
ഇന്നത്തെ മത്സരത്തിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നാട്ടിലേക്കു മടങ്ങും. കോഹ്ലിക്കു വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിച്ചതുപ്രകാരമാണിത്. അവസാന രണ്ട് ഏകദിനത്തിലും ട്വന്റി-20 പരമ്ബരയിലും രോഹിത് ശര്‍മയാകും ഇന്ത്യയെ നയിക്കുക. 2014ലെ പര്യടനത്തില്‍ 0-4നു പരമ്ബര നഷ്ടപ്പെട്ടതിന്റെ പ്രതികാരത്തിനായാണ് ഇന്ത്യ കച്ചകെട്ടുന്നത്. ഇതേ ഗ്രൗണ്ടില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 90 റണ്‍സിനായിരുന്നു ഇന്ത്യ വിജയിച്ചത്.