ഹാമില്ട്ടണ്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ റോസ് ടെയ്ലറുടെ മിന്നുന്ന സെഞ്ചുറി മികവില്‍ ന്യൂസിലന്‍ഡിന് നാല് വിക്കറ്റ് വിജയം. 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 11 പന്തുകള്‍ ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
84 പന്തില്‍ 109 റണ്‍സുമായി പുറത്താകാതെ നിന്ന ടെയ്ലറാണ് വിജയശില്പി. 10 ഫോറും നാല് സിക്സും പറത്തിയ ടെയ്ലറുടെ 21-ാം ഏകദിന സെഞ്ചുറിയാണ് ഈഡന് പാര്‍ക്കില്‍ പിറന്നത്. ടെയ്ലര് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. ഹെന്‍ട്രി നിക്കോള്‍സ് (78), ക്യാപ്റ്റന്‍ ടോം ലാതം (69) എന്നിവരും കിവീസ് വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. തുടര്‍ തോല്‍വികളില്‍ നിന്നും മുക്തി തേടിയിറങ്ങിയ കിവീസിന് മുന്നില്‍ ഇന്ത്യ റണ്‍മല തീര്‍ത്തു.
പതറാതെ പൊരുതിയ കിവീസിന് മികച്ച തുടക്കം ഓപ്പണര്‍മാര്‍ നല്കി. മാര്ട്ടിന് ഗുപ്റ്റില്‍-ഹെന്‍ട്രി നിക്കോള്‍സ് സഖ്യം 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 32 റണ്‍സ് നേടിയ ഗുപ്റ്റില്‍ മടങ്ങിയപ്പോള്‍ എത്തിയ ടോം ബ്ലുന്ഡലിന് (9) തിളങ്ങാനായില്ല.എന്നാല്‍ നാലാമനായി ടെയ്ലര് ക്രീസിലെത്തിയതോടെ മത്സരം കിവീസിന്റെ വഴിക്കായി. നാലാം വിക്കറ്റില്‍ ലാതം-ടെയ്ലര് സഖ്യം 138 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. ലാതം 48 പന്തില്‍ 69 റണ്‍സ് നേടി. ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറ ഒഴികയുള്ള ബൗളര്‍മാരെല്ലാം കണക്കിന് തല്ലുവാങ്ങി.
നേരത്തെ ശ്രേയസ് അയ്യരുടെ കന്നി ഏകദിന സെഞ്ചുറിയും (103), കെ.എല്‍.രാഹുല്‍ (പുറത്താകാതെ 88), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (51) എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. അരങ്ങേറ്റക്കാരയ പൃഥ്വി ഷാ (20), മായങ്ക് അഗര്‍വാള്‍ (32) എന്നിവര്‍ ചേര്‍ന്ന് 50 റണ്‍സിന്റെ തുടക്കം ഇന്ത്യയ്ക്ക് നല്‍കുകയും ചെയ്തിരുന്നു. കിവീസിനായി ടിം സൗത്തി രണ്ടു വിക്കറ്റ് വീഴ്ത്തി.