ഹോംസ്റ്റേകളില്‍ ലഹരിമരുന്ന് എത്തിക്കുന്ന മൂന്നംഗം സംഘം ആലുവയില്‍ പിടിയില്‍. ഇവരുടെ പക്കല്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവും ലഹരിഗുളികകളും പിടിച്ചെടുത്തു. കൊച്ചി വാതുരുത്തി കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘമാണ് അറസ്റ്റിലായതെന്ന് എക്‌സൈസ് അറിയിച്ചു.
കൊച്ചിയിലെ ഹോംസ്റ്റേകളില്‍ എത്തുന്നവര്‍ക്ക് വന്‍ തോതില്‍ മയക്കുമരുന്ന് ലഭിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാതുരുത്തി സ്വദേശികളായ ആന്റണി, അജ്മല്‍, ഇവരുടെ ഡ്രൈവര്‍ നെട്ടൂര്‍ സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവും 80 നൈട്രോസെപ്പാമും പിടിച്ചെടുത്തു. രണ്ട് പൊതികളിലായാണ് ഇവര്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാറില്‍ സഞ്ചരിച്ചായിരുന്നു ലഹരിവില്‍പന.
അറസ്റ്റിലായവരില്‍ ആന്റണിക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിട്ടുള്ളതാണ്. അജ്മലിനെതിരെ എട്ട് കേസുകളും നിലവില്‍ ഉണ്ട്. ഏതാനും ദിവസങ്ങളായി ജില്ലയിലെ ഹോംസ്റ്റേകള്‍ എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു.