ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മൃഗശാല രണ്ടുവര്‍ഷത്തിനകം തൃശൂരില്‍

247

തൃശൂര്‍: തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് രണ്ട് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു. ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആറുമാസത്തിനകം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനൊപ്പം അദ്ദേഹം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മൃഗശാല പുത്തൂരില്‍ രണ്ട് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകും. ബജറ്റില്‍ നൂറ്റിയമ്പത് കോടി വകയിരുത്തുകയും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സ്വപ്നങ്ങള്‍ക്ക് ജീവന്‍ വയ്ക്കുന്നത്. ആറുമാസത്തിനകം പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച വനംവകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. 336 ഏക്കര്‍ ഭൂമിയിലുള്ള പദ്ധതിയുടെ നിര്‍മ്മാണ ചുമതല കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരിക്കും.
ഒന്നാം ഘട്ടത്തില്‍ പ്രധാന കെട്ടിട സമുച്ചയം, പക്ഷി മൃഗാധികളുടെ കൂടുകള്‍, പാര്‍ക്കിങ് ഏരിയ എന്നിവയുടെ നിര്‍മ്മാണമാണ് നടക്കുക. നൈറ്റ് സഫാരി അടക്കമുള്ള വിനോദ സഞ്ചാര പദ്ധതികള്‍ രണ്ടാം ഘട്ടത്തില്‍ തയ്യാറാകും. മൂന്ന് വര്‍ഷത്തിനകം നിലവില്‍ ചെമ്പൂക്കാവിലുള്ള മൃഗശാല പൂര്‍ണമായും പൂത്തൂരിലേക്ക് മാറ്റാനാകും. തുടര്‍ന്ന് ഈ സ്ഥലത്ത് സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറും വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY