തിരുവനന്തപുരം: ജനവിരുദ്ധ സമീപനമുണ്ടായാല്‍ പൊലീസുകാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി. അഴിമതിക്ക് വശംവദരാകാത്ത പൊലീസ് സേനയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സായുധ പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പേരൂര്‍ക്കട എ ആര്‍ ക്യാമ്പിലായിരുന്നു പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിച്ചു.
നിയമലംഘനങ്ങളില്‍ മുഖംനോക്കാതെ നടപടി എടുക്കുന്ന, ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഒരു പൊലീസ് സേനയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരുടെ അഭയകേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകള്‍ മാറണം. സ്ത്രീകളും കുട്ടികളുമടക്കമുള്ള സാധാരണക്കാര്‍ക്ക് ധൈര്യപൂര്‍വ്വം പൊലീസ് സ്റ്റേഷനില്‍ കയറിവരാനുള്ള അന്തരീക്ഷം ഒരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ പൊലിസുകാര്‍ ശ്രദ്ധിക്കണം. സര്‍വ്വീസില്‍ തുടരുന്ന കാലമത്രയും ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 555 പൊലീസുകാരാണ് ഇന്ന് പാസിംഗ് ഔട്ട് പരേഡ് നടത്തിയത്.