ദില്ലി: കെ.എം. മാണി യുഡിഎഫ് വിട്ട വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നു തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഘടകകക്ഷികള്‍ക്ക് അനാവശ്യമായി വഴങ്ങിയതാണു കോണ്‍ഗ്രസിന്റെ നിലവിലെ തകര്‍ച്ചയ്ക്കു കാണമെന്ന വിലയിരുത്തലാണു ഹൈക്കമാന്‍ഡിനുള്ളത്.
കേരളത്തില്‍ യുഡിഎഫിലെ ഘടകക്ഷികള്‍ക്കു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നേരിട്ടുള്ള ബന്ധമാണുണ്ടായിരുന്നത്. പലപ്പോഴും ഘടകകക്ഷികളെ പിടിച്ചു നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഇത്തവണ എന്നാല്‍ ഹൈക്കമാന്‍ഡിന് അനക്കമില്ല. മാണി പുറത്തു പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വവും.
മാണി ചര്‍ച്ചയ്ക്കു തയ്യാറാണെങ്കില്‍ അതിനു സംസ്ഥാന നേതൃത്വത്തെയാണു ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയത്. കേരളാ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനുള്ള ഒരു നീക്കവും കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ നടത്തിയില്ല. ജോസ് കെ. മാണിയോട് പാര്‍ലമെന്റില്‍ വച്ച് ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് കോണ്‍ഗ്രസ് ഭൂരിപക്ഷ വിരുദ്ധ പാര്‍ട്ടിയാണെന്ന വിലയിരുത്തല്‍ ജനങ്ങള്‍ക്കുണ്ടെന്നാണ്.
അഞ്ചാം മന്ത്രി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഘടകക്ഷികളുടെ നിര്‍ബന്ധത്തിനു കോണ്‍ഗ്രസ് വഴങ്ങിയതും അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ ശക്തമായ നിലപാടെടുക്കാത്തതും കോണ്‍ഗ്രസിനെ ബാധിച്ചു എന്നാണു ദില്ലി നേതാക്കള്‍ പറയുന്നത്. ഇപ്പോള്‍ മാണിയെ അനുനയിപ്പിക്കാന്‍ നീക്കം നടത്താത്തതും ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. ഒപ്പം കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ തീരുമാനം എടുക്കുന്നത് ഘടകക്ഷികളുടെ അഭിപ്രായം നോക്കിയാവില്ല എന്ന സന്ദേശവും നല്കുന്നു.
രമേശ് ചെന്നിത്തലയ്ക്കും വി.എം. സുധീരനുമെതിരെയാണ് ഘടകക്ഷികളുടെ പരാതി എന്നിരിക്കെ ഇത്തരം ഇടപെടലിനു കുടപിടിക്കാന്‍ തത്കാലം ഇല്ല എന്നാണ് മൗനത്തിലൂടെ ഹൈക്കമാന്‍ഡ് നല്‍കുന്ന സന്ദേശം.