പയ്യന്നൂര്‍: പയ്യന്നൂരിൽ ബിഎംഎസ് പ്രവര്‍ത്തകൻ രാമചന്ദ്രനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി. ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവ് നന്ദകുമാറാണ് ഇന്നു രാവിലെ പയ്യന്നൂര്‍ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇതോടെ രാമചന്ദ്രൻ വധക്കേസിൽ നേരിട്ട് പങ്കെടുത്ത 6 പേര്‍ പിടിയിലായി.
സിപിഎം പ്രവര്‍ത്തകൻ ധനരാജിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് തൊട്ടു പിന്നാലെ നടന്ന ബിഎംഎസ് പ്രവര്‍ത്തകൻ രാമചന്ദ്രനെയും ഒരു സംഘം ആളുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഈ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളാണ് സിപിഎം അന്നൂര്‍ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നന്ദകുമാര്‍ എന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട രാമചന്ദ്രന്റെ അയൽവാസി കൂടിയാണ് നന്ദകുമാര്‍. വീട്ടുകാര്‍ നന്ദകുമാറിനെക്കുറിച്ച് നേരത്തെ തന്നെ മൊഴി നൽകിയിരുന്നു.
നന്ദകുമാറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും. മറ്റൊരു സിപിഎം പ്രവര്‍ത്തകനായ രഞ്ജിത്ത് കൂടി കേസിലുണ്ടെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുന്നതേയുള്ളൂ.
സിപിഎം പ്രവര്‍ത്തകൻ ധനരാജിനെ വധിച്ച കേസിൽ 9 ആര്‍.എസ്.എസ് പ്രവര്‍ത്തകരും പിടിയിലായിട്ടുണ്ട്. ഈ കേസിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കാണിച്ച് ആര്‍.എസ്.എസ് പ്രചാരകും തിരുവനന്തപുരം സ്വദേശിയുമായ കണ്ണൻ, ജില്ലാ കാര്യവാഹക് കാരയിൽ രാജേഷ് എന്നിവരെ ഉൾപ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്.
അതിനിടെ ചെറുവാഞ്ചേരിയിൽ ബിജെപി വിട്ട് സിപിഎമ്മിൽ ചേര്‍ന്നയാളുടെ വീടിന് നേരെ ഇന്നലെ രാത്രിയിലുണ്ടായ ആക്രമണത്തിൽ സിപിഎം പ്രവര്‍ത്തകനും അമ്മയ്ക്കും പരിക്കേറ്റു. ചെറുവാഞ്ചേരിയിലെ സജിത്തിനും അമ്മ രജനിക്കും നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ വാതിൽ തകര്‍ത്തായിരുന്നു ആക്രമണം. മുൻ ബിജെപി നേതാവ് അശോകനൊപ്പം പാര്‍ട്ടി വിട്ട് സിപിഎമ്മിൽ ചേര്‍ന്നയാളാണ് സജിത്ത്.