തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ വിമാനത്തിന് തീപിടിച്ചു. ദുബായ് വിമാനത്താവളത്തില്‍ ലാന്റിങിനിടെയായിരുന്നു അപകടം. വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെല്ലാം രക്ഷപെട്ടു. എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ ഇ.കെ 521 വിമാനത്തിനാണ് തീപിടിച്ചത്. വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ എഞ്ചിനില്‍ നിന്ന് തീപടരുകയായിരുന്നു. യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. അപകടത്തെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ 3ലെ റണ്‍വെ അടച്ചു.
ലാന്റ് ചെയ്തയുടന്‍ വിമാനത്തില്‍ നിന്ന് തീപടരുകയായിരുന്നു. ഉടന്‍ തന്നെ എമര്‍ജന്‍സി വാതില്‍ തുറന്നു കൊടുക്കുകയും യാത്രക്കാര്‍ ഇതിലൂടെ പുറത്തിറങ്ങുകയായിരുന്നു. നിമിഷങ്ങള്‍ക്കകം വിമാനം മുഴുവന്‍ കത്തിയമര്‍ന്നു. എയര്‍ബസ് 330-200 വിഭാഗത്തിലുള്ള വിമാനമായിരുന്നു അപകടത്തില്‍ പെട്ടത്. പുറത്തിറങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഏതാനും യാത്രക്കാര്‍ക്ക് ചെറിയ പരിക്കേറ്റു. ഇവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പ്രാഥമിക ശുശ്രൂശ നല്‍കി. പുറത്തിറങ്ങിയ യാത്രക്കാര്‍ റണ്‍വെയിലൂടെ പരിഭ്രാന്തരായി നടന്നാണ് വിമാനത്താവളത്തിലെ ടെര്‍മിനലില്‍ എത്തിയത്. ദുബായ് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഉന്നത് ഉദ്ദ്യോഗസ്ഥരും ഭരണാധികാരികളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. എമിറേറ്റ്സ് വിമാനത്തിന്റെ തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.
അപകട കാരണം വ്യക്തമല്ലെന്ന് എമിറേറ്റ്സ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തും. യാത്രക്കാരുടെ സുരക്ഷിതത്വനാണ് ഇപ്പോള്‍ മുഖ്യ പരിഗണന നല്‍കുന്നതെന്നും എമിറേറ്റ്സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. ഷാര്‍ജയിലേക്കും ദുബൈയിലെ അല്‍ മക്തൂം വിമാനത്താവളത്തിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നത്
BREAKING: #Dubal #EK521 explosion over right wing shortly after coming to stand still pic.twitter.com/vp1YFhfIe0
— Amichai Stein (@AmichaiStein1) August 3, 2016