റിയാദ്: ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം നാളെ സൗദിയില്‍ എത്തും. ഡല്‍ഹിയില്‍ നിന്നാണ് ആദ്യ സംഘം എത്തുന്നത്. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഈ മാസം 22ന് ജിദ്ദയില്‍ എത്തും.
ഡല്‍ഹിയില്‍ നിന്നും 340 തീര്‍ഥാടകരെയും വഹിച്ചുള്ള ആദ്യ ഹജ്ജ് വിമാനം നാളെ രാവിലെ മദീനയില്‍ എത്തും. എയര്‍ ഇന്ത്യയിലാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം എത്തുന്നത്. ഏഴ് വിമാനങ്ങളിലായി ആയിരത്തി അറുനൂറോളം ഇന്ത്യന്‍ തീര്‍ഥാടകര്‍ നാളെ മദീനയില്‍ എത്തും. ഇന്ത്യയില്‍ നിന്നും ഇത്തവണ 1,35,000 തീര്‍ഥാടകര്‍ ആണ് ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കുന്ന ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ക്കായി എയര്‍ ഇന്ത്യ, സൗദിയ, നാസ് എയര്‍, സ്‌പൈസ് ജെറ്റ് എന്നിവ 354സര്‍വീസുകള്‍ നടത്തും. ഇതില്‍ 188 എണ്ണം മദീനയിലെക്കും ബാക്കിയുള്ളവ ജിദ്ദയിലേക്കുമാണ് സര്‍വീസ് നടത്തുക. ജിദ്ദയിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം പതിനേഴിന് ആരംഭിക്കും. സെപ്റ്റംബര്‍ അഞ്ച് വരെയാണ് ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ഈ മാസം ഇരുപത്തിരണ്ട് മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ്. നെടുമ്പാശ്ശേരിയില്‍ നിന്നും സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഇരുപത്തിനാല് സര്‍വീസുകള്‍ നടത്തും. കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ ജിദ്ദയിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഈ തീര്‍ഥാടകര്‍ ഹജ്ജ് കഴിഞ്ഞ് തിരിച്ചു പോകുന്നത് മദീനയില്‍ നിന്നായിരിക്കും.