108 ആബുലന്‍സ് പദ്ധതി അവസാനിപ്പിക്കുന്നു

236

സംസ്ഥാനത്ത് പുതിയ 108 ആംബുലന്‍സുകള്‍ വാങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക ബാധ്യത പറഞ്ഞാണ് പദ്ധതി ഉപേക്ഷിക്കുന്നത്. ഇതിനിടെ നിരത്തിലുള്ള 43 ആംബുലന്‍സുകളില്‍ 31ഉം ഓടാനാകാത്ത സ്ഥിതിയിലാണെന്നും ഇവയെ നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്നും മെഡിക്കല്‍ കോര്‍പറേഷന്‍ റിപ്പോര്‍ട്ട് നല്‍കി. നിരത്തിലുള്ളവ പിന്‍വലിക്കുകയും പുതിയവ വാങ്ങാതിരിക്കുകയും ചെയ്യുന്നതോടെ 108 ആംബുലന്‍സുകളുടെ സേവനം നിലയ്‌ക്കും

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പോലും കിട്ടാത്ത അവസ്ഥയില്‍ 31 ആംബുലന്‍സുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്നും പകരം ആംബുലന്‍സുകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അധികൃതര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത് . എന്നാല്‍ പകരം ആംബുലന്‍സുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. പുതിയതായി വാങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്ന 570 ആംബുലന്‍സുകളും വാങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു . 287 ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ക്കും 283 പേഷ്യന്‍റ് ട്രാന്‍സ്‌പോര്‍ട്ട് ആംബുലന്‍സുകളുമാണ് വാങ്ങാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ തീരുമാനിച്ചിരുന്നത്. ഇതിനായി 50 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ചെയ്തു. സംസ്ഥാന വിഹിതം കൂടി നല്‍കിയാലേ ആംബുലന്‍സുകള്‍ വാങ്ങാനാകൂ.
എന്നാല്‍ ഇതിനായി പണം മുടക്കാനില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. പൈലറ്റ് പദ്ധതിയായി നടപ്പാക്കിയ 43, ആംബുലന്‍സുകള്‍ നിരത്തിലിറക്കിയപ്പോള്‍ കനത്ത നഷ്‌ടമുണ്ടായെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ധനവകുപ്പ് ഉടക്കിട്ടതോടെ പദ്ധതി ആരോഗ്യവകുപ്പ് താല്‍കാലികമായി ഉപേക്ഷിക്കുകയാണ്. കേന്ദ്ര വിഹിതം നഷ്‌ടമാകില്ലെന്ന വിശദീകരണവുമുണ്ട്.

NO COMMENTS

LEAVE A REPLY