സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്താനൊരുങ്ങുന്നു. നവ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കുറ്റകരമാക്കുകയാണ് പുതിയ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങണമെന്നും ചട്ടത്തില്‍ പറയുന്നു . ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം പുറത്തിറക്കി
ഇപ്പോള്‍ നിലവിലുള്ള 968ലെ അഖിലേന്ത്യാ സര്‍വ്വീസ് ചട്ടമനുസരിച്ച് റേഡിയോ, പത്രം, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രതികരണങ്ങളാണ് പുതിയ ഭേദഗതിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കശ്‍മീരിലെ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നവമാധ്യമങ്ങളില്‍ എഴുതിയിരുന്നു.
കൂടാതെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പുറത്തറിയിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടികളും അവസാനിപ്പിക്കും. സംസ്ഥാന ചീഫ് സെക്രട്ടറിമാരും വകുപ്പ് മേധാവികളും, ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥരും ചട്ടത്തെക്കുറിച്ചുള്ള അഭിപ്രായം ഈ മാസം 12 മുമ്പ് അറിയിക്കണമെന്ന് കാണിച്ച് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.