ഹെല്‍മെറ്റ് ധരിച്ച് കവര്‍ച്ച: പ്രതി പിടിയില്‍

209

മലപ്പുറം: വ്യാപാര സ്ഥാപനങ്ങളില്‍ ഹെല്‍മെറ്റ് ധരിച്ചെത്തി പണം പിടിച്ചുപറിക്കുന്ന യുവാവ് കല്‍പകഞ്ചേരി പോലീസിന്റെ പിടിയിലായി. പാലക്കാട് കൊപ്പം പുലാശ്ശേരി സ്വദേശിയായ സുമേഷ് ആണ് പിടിയിലായത്. ഹെല്‍മെറ്റ് ധരിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ എത്തുകയും ആയിരം രൂപ കാണിച്ച് ചില്ലറ ചോദിക്കുകയുമാണ് ആദ്യതന്ത്രം.
പിന്നീട് പണം നല്‍കാന്‍ വേണ്ടി സ്ഥാപന ഉടമ പഴ്‌സ് പുറത്തേക്കെടുക്കുമ്പോള്‍ ഇത് തട്ടിപ്പറിച്ച് കടന്നുകളയുകയാണ് സുമേഷിന്റെ പതിവ്. പുത്തനത്താണിയിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ നിന്ന് സമാനരീതിയില്‍ തട്ടിപ്പ് നടത്തിയപ്പോള്‍ പ്രതിയുടെ ചിത്രം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. സുമേഷ് സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് കൊപ്പത്തെള്ള വീട്ടില്‍ നിന്നും ഇയാളെ കല്‍പ്പകഞ്ചേരി എസ് ഐ പിഎം ഷമീറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
തട്ടിപ്പിനിരയായ പുത്തനത്താണി സ്വേദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കൂടുതല്‍ സ്ഥലങ്ങളില്‍ ഇയാള്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായും പോലീസിന് സൂചനകളുണ്ട്. നാട്ടുകാരില്‍ നിന്നും ഇയാള്‍ പല രീതിയിലും തുകകള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

NO COMMENTS

LEAVE A REPLY