തിരുവനന്തപുരം മംഗലപുരത്ത്, അനധികൃതമായി കടത്താന്‍ ശ്രമിച്ച 6,300 ലിറ്റര്‍ വെള്ള മണ്ണെണ്ണ പിടികൂടി. മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കേണ്ട മണ്ണെണ്ണയാണ് മറിച്ചു വില്‍ക്കാന്‍ ശ്രമിച്ചത്.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കേണ്ട മണ്ണെണ്ണ മറിച്ചുവില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മണ്ണെണ്ണ കടത്ത് പിടികൂടിയത്. ട്രക്കില്‍ കടത്താന്‍ ശ്രമിച്ച 6,300 ലിറ്റര്‍ മണ്ണെണ്ണ പൊലീസ് പിടിച്ചെടുത്തു. വാഹനത്തിന്റെ ഡ്രൈവര്‍, കൊല്ലം മയ്യനാട് സ്വദേശി സലീം കസ്റ്റഡിയിലാണ്. കൊല്ലം ഹാര്‍ബറിലേക്കാണ് മണ്ണെണ്ണ കടത്താന്‍ ശ്രമിച്ചതെന്ന് സലീം മൊഴി നല്‍കി. വന്‍കിട മീന്‍പിടുത്ത ബോട്ടുകള്‍ക്ക് മണ്ണെണ്ണ മറിച്ചുവില്‍ക്കുന്ന സംഘത്തിലെ കണ്ണിയാണ് സലീമെന്ന് പൊലീസ് പറഞ്ഞു. ഒരു ലോഡ് മണ്ണെണ്ണ എത്തിച്ചാല്‍, ഇയാള്‍ക്ക് 10,000 രൂപ വരെ ലഭിച്ചിരുന്നു. 210 ലിറ്റര്‍ വീതം ഉള്‍ക്കൊള്ളുന്ന 30 കാനുകളിലായാണ് മണ്ണെണ്ണ സൂക്ഷിച്ചിരുന്നത്. സബ്സിഡി മണ്ണെണ്ണ കിട്ടാനില്ലെന്ന മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് പരിശോധന കര്‍ശനമാക്കിയിരുന്നു. ബങ്കില്‍ നിന്ന് സബ്സിഡി മണ്ണെണ്ണ മറിച്ചുവില്‍ക്കാന്‍ ഒത്താശ ചെയ്തെന്ന് സംശയിക്കുന്ന ഏജന്റുമാര്‍ നിരീക്ഷണത്തിലാണ്.