മണിപ്പുരിൽ സേനയുടെ കടന്നുകയറ്റം അന്വേഷിക്കണം സുപ്രീംകോടതി

186

ന്യൂഡല്‍ഹി: അസ്വസ്ഥ ബാധിത പ്രദേശങ്ങളില്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയമം കൈയിലെടുക്കാനും പ്രതികാര നടപടികൾ നടത്തുവാനും സെന്യത്തിനും അർധ സൈനിക വിഭാഗങ്ങൾക്കും അധികാരമില്ലെന്ന് സുപ്രീംകോടതി
അഫ്‌സ്പ നിയമത്തിനെതിരെ വര്‍ഷങ്ങളായി പോരാട്ടം നടക്കുന്ന മണിപ്പൂരില്‍ സൈന്യം നടത്തിയ 1500 ഓളം ഏറ്റുമുട്ടലുകളെക്കുറിച്ച് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു.
മണിപ്പൂരിലെ സൈനിക അതിക്രമങ്ങളെക്കുറിച്ച് സി.‌ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇംഫാലിലെ ഒരു മനുഷ്യാവകാശ സംഘടനയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി മണിപ്പൂരില്‍ നടന്നു വന്ന സേനയുടെ കടന്നുകയറ്റം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ കേസന്വേഷണത്തിന് കോടതിയെ സഹായിക്കുന്ന അഡ്വക്കറ്റ് മനേക ഗുരുസ്വാമിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുകയുളളൂ. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിച്ച 62 കേസുകള്‍ പഠിച്ചശേഷമായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നാലാഴ്ചയ്ക്ക് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.
ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും കേസ് സൈനിക കോടതി പരിഗണിക്കാത്തതിനാല്‍ സൈനിക കോടതിയുടെ കീഴില്‍ വരുന്ന കേസ് പരിഗണിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന വാദം തെറ്റാണെന്നും
എം.ബി താക്കൂര്‍ അധ്യക്ഷനായി ബെഞ്ച് ചൂണ്ടിക്കാട്ടി.
1958-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് നടപ്പിലാക്കിയ പ്രത്യേകാധികാര നിയമപ്രകാരം (അഫ്‌സ്പ ) സൈന്യത്തിന് ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാനും കേസ് എടുക്കാതെ തടവില്‍ വെക്കാനും അധികാരമുണ്ട്. ഈ നിയമപ്രകാരം സര്‍ക്കാറിനെതിരെ കൂട്ടം കൂടുകയോ നിയമം കൈയ്യിലെടുക്കുന്നതിനായി തോന്നുകയോ ചെയ്യുന്ന സമയങ്ങളില്‍ സൈന്യത്തിന് ഇടപെടാവുന്നതാണ്.
ഏത് വീട്ടിലും എപ്പോള്‍ വേണമെങ്കിലും പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ തിരച്ചില്‍ നടത്താവുന്നതാണ്. അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ അസ്വസ്ഥ ബാധിത പ്രദേശങ്ങളിലാണ് പ്രശ്‌നങ്ങള്‍ നേരിടുന്നതിന് സൈന്യത്തിന് പ്രത്യേകാധികാരം വ്യവസ്ഥ ചെയ്യുന്നത്.
മണിപ്പൂരില്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് സന്നദ്ധസംഘടന പ്രവര്‍ത്തകയായ ഇറോം ശര്‍മ്മിളയാണ്. അഫ്‌സ്പയ്‌ക്കെതിരെ 14 വര്‍ഷമായി നിരാഹാര സമരം നടത്തിവരികയാണ് ഇറോം ശര്‍മ്മിള.
സുപ്രീംകോടതി മുന്‍ ജഡ്ജിയും ലോകായുക്തയുമായ സന്തോഷ് ഹെഗ്ഡെ തലവനായ സംഘം നടത്തിയ അന്വേഷണത്തില്‍ മണിപ്പൂരില്‍ അഫ്‌സ്പയുടെ മറവില്‍ സായുധസേന നടത്തിയ അറുപതോളം ഏറ്റുമുട്ടലുകളും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പ്രായോഗികമാക്കാവുന്ന അഫ്‌സ്പ മനുഷ്യാവകാശലംഘനത്തിലേക്കാണ് വഴിവെക്കുന്നതെന്ന വിമര്‍ശനവുമായി നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
courtesy : mathrubhumi

NO COMMENTS

LEAVE A REPLY