ഡോ. സക്കീര്‍ നായിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവ്

154

ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ. സക്കീര്‍ നായിക്കിനെതിരെ അന്വേഷണം നടത്താന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മുംബൈ പോലീസിന് നിര്‍ദ്ദേശം നല്‍കി. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അപകടകരമാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടതിന് പിന്നാലെയാണിത്.
ഡോ. നായിക്കിനെപ്പറ്റി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുംബൈ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സാമ്പത്തിക സ്രോതസും പോലീസ് അന്വേഷിക്കും.
ഡോ. നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ മുംബൈ ഓഫീസിന് പുറത്ത് വ്യാഴാഴ്ച പോലീസിനെ വിന്യസിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട അഞ്ച് ഭീകരരാണ് ബംഗ്ലാദേശിലെ ധാക്കയില്‍ ഭീകരാക്രമണം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് യു.കെയും കാനഡയും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഡോ. നായിക് നേരത്തെ വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY