മതപ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ അടുത്ത അനുയായികള്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന് കേരള പൊലീസ് കണ്ടെത്തിയതോടെ നായികിനെതിരായുള്ള ആരോപണങ്ങള്‍ക്ക് ശക്തിയേറുന്നു. നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ സാമ്പത്തിക സ്രോതസ്സ് അടക്കം അന്വേഷിച്ചുവരികയാണ്. എന്നാല്‍ മലയാളികളുടെ തിരോധാനത്തില്‍ ബന്ധമില്ലെന്ന് നായിക് ആവര്‍ത്തിക്കുന്നു.
ബംഗ്ലാദേശില്‍ ആക്രമണം നടത്തിയ ഭീകരന്‍ തനിക്ക് പ്രചോദനമായത് സാക്കിര്‍ നായികിന്റെ പ്രഭാഷണങ്ങളാണെന്ന് വെളിപ്പെടുത്തിയതോടെയാണ് നായിക് പ്രതിരോധത്തിലായത്. കേരളത്തില്‍നിന്ന് കാണാതായ 21 പേര്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നായികിനെതിരായ ആരോപണങ്ങള്‍ക്ക് ശക്തി കൂടുകയാണ്. മലയാളികള്‍ മതം മാറിയത് സാക്കിര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വെച്ചാണ്. ഈ സ്ഥാപനത്തിലെ ഗസ്റ്റ് റിലേഷന്‍ ഓഫീസറായ ഖുറൈഷിക്കും കല്യാണില്‍ നിന്ന് പിടിയിലായ റിസ്‍വാന്‍ ഖാനും ഐ.എസ് ബന്ധമുണ്ടെന്നും മലയാളികളെ വിദേശത്തേക്ക് കടത്തിയത് ഇവരാണെന്നും പൊലീസ് പറയുന്നു. ഇതോടെ സാക്കിര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
മലയാളികള്‍ അടക്കമുള്ളവരെ ഭീകരവാദത്തിലേക്കല്ല ഇസ്ലാമിലേക്കാണ് ക്ഷണിച്ചത് എന്ന വാദത്തില്‍ ഉറച്ചുനില്‍കുകയാണ് സാക്കിര്‍ നായിക്. സൗദി അറേബ്യയില്‍ നിന്നടക്കം കോടികള്‍ സംഭാവനയായി സാക്കിര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കിട്ടുന്നുണ്ട്. നായികിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുംബൈ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നായികിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക.