കാസർകോട് ∙ നികുതി വെട്ടിച്ചു കടത്തുകയായിരുന്ന രണ്ടു കിലോ സ്വർണാഭരണം വാണിജ്യനികുതി ഇന്റലിജൻസ് വിഭാഗം പിടികൂടി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നു ബസിൽ കയറുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. 60 ലക്ഷം രൂപ വിലവരുന്നതാണ് ആഭരണങ്ങൾ.
വാണിജ്യ നികുതി വകുപ്പിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടു പ്ലാസ്റ്റിക് കവറുകളിലായി ഒാരോ കിലോവീതം സ്വർണാഭരണങ്ങൾ സൂക്ഷിച്ച നിലയിലായിരുന്നു. പരമ്പരാഗത ശൈലിയിൽ നിർമിച്ചു മഹാരാഷ്ട്രയിൽ നിന്നു കൊണ്ടു വന്ന കമ്മൽ,വള, മാല എന്നിവയായിരുന്നു ഇവ. കാസർകോട്, കണ്ണൂർ ജില്ലകളിലെ ജ്വല്ലറികളിൽ വിൽപനക്ക് കൊണ്ടുപോകുന്നതാണെന്നു സംഘം പറഞ്ഞു. നികുതി ഉൾപ്പെടെ 8,86,000 രൂപ ഈടാക്കി ഇത് വിട്ടുകൊടുത്തു.
വാണിജ്യനികുതി ഇന്റലിജൻസ് അസി. കമ്മിഷണർ പി.സി.ജയരാജൻ, ഇന്റലിജൻസ് ഓഫിസർമാരായ രമേശൻ കോളിക്കര, നാരായണൻ കൊളത്തൂർ, ഇൻസ്പെക്ടർ മധു കരിമ്പിൽ, ഡ്രൈവർ കെ. ശ്രീധരൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.