ബെംഗളൂരു∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി കേരളത്തിലെത്തി. ബെംഗളൂരുവിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പിഡിപി പ്രവർത്തകർചേർന്ന് സ്വീകരിച്ചു. മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റത്. എസിപി ശാന്തകുമാർ, ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോൻ എന്നിവരും മഅദനിക്കൊപ്പമുണ്ട്.
തന്റെ യാത്ര വൈകിപ്പിച്ചതിനു പിന്നിൽ ആസൂത്രിതനീക്കമുണ്ടെന്നു സംശയിക്കുന്നതായി മഅദനി മാധ്യമപ്രവർത്തകരോടായി പറഞ്ഞു. ആറു വർഷത്തിനുശേഷം നാട്ടിൽ പെരുനാൾ ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷം. നീതി ഉറപ്പാക്കാൻ സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്. വിലക്കുള്ളതിനാൽ കേസിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.