ബെർലിൻ∙ ജർമനിയിൽ പാസഞ്ചർ ട്രെയിനിൽ കോടാലിയുമായി ഓടിക്കയറിയ പതിനേഴുകാരൻ നിരവധിപേരെ വെട്ടിപ്പരുക്കേൽപ്പിച്ചു. ഇവരിൽ മൂന്നുപേരുടെ നില അതീവഗുരുതരമാണ്. തെക്കുകിഴക്കൻ മേഖലയായ ബവേറിയയിലെ വിർസ്ബർഗ് നഗരത്തിലാണ് സംഭവം.
ട്രെയിനിൽ കയറിയ കൗമാരക്കാരൻ കോടാലിയും കത്തിയും ഉപയോഗിച്ച് യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. പിന്നീട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് വെടിവച്ചു കൊന്നു. അഫ്ഗാൻ അഭയാർഥിയാണ് കൊല്ലപ്പെട്ട പതിനേഴുകാരനെന്നാണ് സൂചന.
കഴിഞ്ഞവർഷം മാത്രം പത്തു ലക്ഷത്തോളം പേരാണ് അഭയാർഥിയായി ജർമനിയിലെത്തിയത്. ഇതിൽ ഒന്നരലക്ഷത്തോളം പേർ അഫ്ഗാൻകാരാണ്. കൊല്ലപ്പെട്ട പതിനേഴുകാരൻ അഭയാർഥിയായി രാജ്യത്തേക്ക് എത്തിയതാണോ അതോ വർഷങ്ങളായി ഇവിടെ താമസിക്കുന്ന അഫ്ഗാൻ പൗരനാണോ എന്നത് വ്യക്തമല്ല.