കൊൽക്കത്ത∙ ധാക്കയിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഇന്ത്യയിലേക്ക് കടന്നുവെന്ന് റിപ്പോർട്ട്. ആക്രമണത്തിന് മാസങ്ങൾക്കു മുൻപുതന്നെ സൂത്രധാരൻ പശ്ചിമ ബംഗാളിലേക്ക് കടന്നതായി ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഗൗഹാർ റിസ്‌വി പറഞ്ഞു.
അതേസമയം, ബംഗ്ലദേശിലെ ജമാത്ത് ഉൽ മുജാഹിദ്ദീൻ (ജെഎംബി) പ്രവർത്തകൻ സുലൈമാനുവേണ്ടിയുള്ള തിരച്ചിൽ അന്വേഷണ സംഘം ശക്തമാക്കി. കഴിഞ്ഞ ദിവസം പിടിയിലായ ഐഎസ് ഭീകരൻ അബു അൽമൂസ ബംഗാളി എന്ന മൂസയുമായി സുലൈമാന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. രണ്ടു വർഷമായി മൂസയ്ക്കുവേണ്ടി ഐഎസ് റിക്രൂട്ട്മെന്റ് നടത്തിയിരുന്നതായാണ് വിവരം.
കാണാതായ യുവാക്കളെ കണ്ടെത്താൻ ഇന്ത്യയുടെ സഹായം തേടാൻ ബംഗ്ലദേശ് തീരുമാനിച്ചിട്ടുണ്ട്. സ്പാനിഷ് കഫേയിൽ ഈമാസമുണ്ടായ ആക്രമണത്തിന്റെ പദ്ധതി തയാറാക്കിയ യുവാക്കൾ ധാക്കയിലെ സമ്പന്നമായ കുടുംബങ്ങളിൽനിന്നുള്ളവാരാണ്. ആക്രണത്തിന് ആറുമാസം മുൻപ് ഇവരെ കാണാതായിട്ടുണ്ട്. തുടർന്നു നടത്തിയ അന്വേഷണത്തിൽ നൂറോളം യുവാക്കളെ കാണാതായതായി കണ്ടെത്തി.