ബാങ്ക് വിവരം ചോർത്തി തട്ടിപ്പ്; മുഖ്യ കണ്ണികൾ അറസ്റ്റിൽ

175

ന്യൂഡൽഹി∙ ബാങ്ക് ഡേറ്റാ ബേസ് വിവരങ്ങൾ ചോർത്തി മലയാളികളുടെ കോടികൾ കവർന്ന ഒാൺലൈൻ തട്ടിപ്പ് സംഘത്തിലെ മുഖ്യ കണ്ണികൾ ഡൽഹിയിൽ അറസ്റ്റിൽ. അഞ്ച് ദേശസാൽകൃത ബാങ്കുകളുടെ ഡേറ്റാ ബേസ് വിവരങ്ങൾ ചോർത്തി ഒരു വർഷത്തിനിടെ കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യ കണ്ണികളായ രണ്ടുപേരാണ് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. തട്ടിപ്പ് വിവരങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു.

സെൻട്രൽ ഡൽഹിയിലെ പട്ടേൽ നഗർ സ്വദേശികളായ സൗരബ്, റിഷിനാറുള്ള എന്നിവരെ അന്വേഷണ സംഘം വിദഗ്ധമായി പിടികൂടുകയായിരുന്നു. ശൃംഖലയുടെ തട്ടിപ്പ് രീതികൾ മനോരമ ന്യൂസ് പുറത്തുവിട്ടതോടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പണം നഷ്ടമായവരുടെ പരാതികളും ഏറി. തുടർന്ന് സൈബർ ക്രൈം പൊലീസ് പ്രത്യേക സംഘത്തിന് രൂപം നൽകി അന്വേഷണം ഉൗർജിതപ്പെടുത്തി.

അതിനിടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതികളെ സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു.പിന്നീട് ഡൽഹി പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന്റെ പ്രധാന ഇടനിലക്കാർ അറസ്റ്റിലായത്. പ്രതികളെ തീസ് ഹസാരി കോടതിയിൽ ഹാജരാക്കി. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ശൃംഖലയുടെ പ്രവർത്തനം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഡേറ്റാ ബേസ് സെർവറിൽ കടന്നുകയറിയാണ് ഹാക്കർമാർ കോടികളുടെ തട്ടിപ്പിന് കളമൊരുക്കിയത്. സെർവറിൽ നിന്ന് ഉപഭോക്താക്കളുടെ പേരും വിലാസവും അക്കൗണ്ട് സംബന്ധിച്ച സൂക്ഷ്മമായ വിവരങ്ങൾ വരെ തട്ടിപ്പ്സംഘം കൈക്കലാക്കും. തുടർന്ന് മാഗ്നറ്റിക് എടിഎം കാർഡുകൾ ചിപ്പ് കാർഡുകളാക്കി പുതുക്കണം എന്ന നിർദേശത്തോടെ ഉപഭോക്താക്കളെ ഫോണിൽ ബന്ധപ്പെടും. വിശ്വാസ്യത ഉറപ്പിക്കാൻ എടിഎം കാർഡിന് പിന്നിലെ 16 അക്ക നമ്പർ കൃത്യമായി പറയും. മിനിറ്റുകൾക്കകം ഉപഭോക്താവിന്റെ ഫോണിലേക്ക് ഒടിപി നമ്പർ അഥവാ വൺ ടൈം പാസ്‍വേഡ് എസ്എംഎസ് ആയി അയക്കും. ഇൗ പാസ്‍വേഡ് ചോദിച്ചറിഞ്ഞാണ് തട്ടിപ്പ് സംഘം അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുക. ഒരുവർഷത്തിനിടെ കേരളത്തിൽനിന്നുമാത്രം ഇത്തരത്തിൽ 130 കോടിരൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
courtesy : manorama online

NO COMMENTS

LEAVE A REPLY