തിരുവനന്തപുരം∙ ബാർ കോഴക്കേസ് നടത്താനായി കെ.എം.മാണിക്കു സർക്കാർ പണം അനുവദിച്ചത് ചട്ടവിരുദ്ധമായാണെന്നു മന്ത്രിസഭാ ഉപസമിതി. ഹൈക്കോടതിയെ സമീപിക്കാനും മുതിർന്ന അഭിഭാഷകനെ കൊണ്ടുവരാനുമാണു മാണിക്കു സർക്കാർ പണം നൽകിയത്. പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവന്നതു ചട്ടവിരുദ്ധമായാണ്. ഇതിന്റെ ആവശ്യമില്ലെന്നും വൻപണചെലവുണ്ടാകുമെന്നും നിയമവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതുമറികടന്നാണു മുതിർന്ന അഭിഭാഷകനെ സർക്കാർ ചെലവിൽ കൊണ്ടുവന്നതെന്നും ഉപസമിതി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ആരോപണം വാസ്താ വിരുദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് (എം) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേസില്‍ കെ.എം.മാണിക്ക് ഒരു കോടതിയില്‍ നിന്നും, സമന്‍സോ നോട്ടിസോ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ പണം നല്‍കി കേസ് നടത്തേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ജോസഫ് എം. പുതുശേരി വ്യക്തമാക്കി.
യുഡിഎഫ് സർക്കാരിന്റെ കാലത്തെ വിവാദ മന്ത്രിസഭാ തീരുമാനങ്ങൾ പരിശോധിക്കാൻ, എ.കെ.ബാലന്റെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതിയാണു മാണിക്കുവേണ്ടി ചട്ടവിരുദ്ധമായി പണം ചിലവഴിച്ചതു കണ്ടെത്തിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു കോളജുകൾ അനുവദിച്ചതും ബഡ്സ് സ്കൂളുകൾക്കുൾപ്പെടെ എയ്ഡഡ് പദവി നൽകിയതതും ചട്ടം ലംഘിച്ചാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു.