സരിതയുടെ വിഷമങ്ങൾ ഫോണിലൂടെ കേട്ടിട്ടുണ്ട്: കമ്മിഷനിൽ ബെന്നി ബഹനാൻ

180

കൊച്ചി∙ സോളർ തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായർ തന്നെ ഒന്നു രണ്ടുതവണ ഫോണിൽ വിളിച്ച് ചില പ്രശ്നങ്ങൾ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അതിനൊന്നും പരിഹാരമുണ്ടാക്കേണ്ട ബാധ്യതയില്ലാത്തതിനാൽ കേട്ടിരിക്കുക മാത്രമാണു ചെയ്തതെന്നും കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ. പൊതു പ്രവർത്തകൻ എന്ന നിലയ്ക്കു മാത്രമാണു സരിതയുടെ ഫോണെടുത്തതെന്നു ബെന്നി സോളർ കമ്മിഷനു മൊഴി നൽകി.

ഫോണിലൂടെ തന്നോടു പറഞ്ഞതിൽ സരിതയുടെ വിഷമങ്ങളുമുണ്ടാകാം. എന്നാൽ അതിനൊന്നും പ്രതിവിധി നിർദേശിക്കേണ്ടതു തന്റെ ഉത്തരവാദിത്തമായിരുന്നില്ല. ലൈംഗികാരോപണക്കേസിൽ എ.പി.അബ്ദുല്ലക്കുട്ടിക്കെതിരായ എഫ്ഐആർ റദ്ദാക്കാൻ അപേക്ഷ നൽകണമെന്നു ഫെനി ബാലകൃഷ്ണന്റെ ഫോണിലൂടെ സരിതയോട് ആവശ്യപ്പെട്ടെന്ന സരിതയുടെ മൊഴി തെറ്റാണ്. ഫെനി ബാലകൃഷ്ണന്റെ ഫോണിലൂടെ ഒരിക്കലും സരിതയോടു സംസാരിച്ചിട്ടില്ല. ഫെനിയെ കണ്ടിട്ടുണ്ട്. എന്നാൽ വ്യക്തിപരമോ കേസ് സംബന്ധമായോ ഒരു ബന്ധവും ഫെനിയുമായില്ല. സരിത ജയിലിൽ വച്ച് ആദ്യം തയാറാക്കിയ കുറിപ്പ് പിന്നീട് നാലു പേജായി ചുരുങ്ങിയതിനു പിന്നിൽ ഒരിടപെടലും താൻ നടത്തിയിട്ടില്ല. ഫെനി, കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ പിഎ പ്രദീപ്കുമാർ എന്നിവരുടെ ഫോണിലൂടെ സരിതയുടെ അമ്മയുമായി താൻ സംസാരിച്ചതായും ആരോപണങ്ങളിൽനിന്നു പിൻമാറാൻ ആവശ്യപ്പെട്ടതായും സരിത കമ്മിഷനു നൽകിയ മൊഴി തെറ്റാണ്. ഇങ്ങനെയൊരു സംഭാഷണമുണ്ടായിട്ടില്ല.

സോളർ കേസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഉമ്മൻചാണ്ടി തന്നെ ചുമതലപ്പെടുത്തിയിട്ടില്ല. സരിതയെയോ ബിജു രാധാകൃഷ്ണനെയോ നേരിൽ കണ്ടിട്ടില്ലെന്നും ബെന്നി ബഹനാൻ മൊഴി നൽകി. ബെന്നിയുടെ സാക്ഷിവിസ്താരം ഉച്ചയ്ക്കു ശേഷം തുടരും.

NO COMMENTS

LEAVE A REPLY