കൊച്ചി ∙ ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്തു നക്ഷത്രവേശ്യാലയം പ്രവർത്തിച്ചിരുന്നതായി സോളർ കമ്മിഷനു മുമ്പാകെ ബിജു രാധാകൃഷ്ണന്റെ മൊഴി. എംഎൽഎമാർ ഉൾപ്പെടെയുള്ളവർക്ക് ഇതുമായി ബന്ധമുണ്ടായിരുന്നു. പല പ്രമുഖർക്കും പങ്കാളിത്തമുണ്ടായിരുന്നു. സരിത എസ്. നായർക്കും ഈ സംഘവുമായി ബന്ധമുണ്ടായിരുന്നെന്നും ബിജു മൊഴി നൽകി. മുൻപു നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ വിശദമായ തുടർ വിസ്താരത്തിനു വേണ്ടിയാണു ബിജുവിനെ എത്തിച്ചത്.
സോളർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ മൊഴിയും കമ്മിഷനു മുമ്പാകെ ബിജു ശരിവച്ചു. ഡൽഹിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് 35 ലക്ഷം രൂപ കൈമാറി, ഉമ്മൻ ചാണ്ടിയുടെ സഹായി തോമസ് കുരുവിളയാണ് ഈ പണം കൈപ്പറ്റിയത് തുടങ്ങിയ മൊഴികളാണ് ബിജു ശരിവച്ചത്. ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോനാണ് പണം ആവശ്യപ്പെട്ടത്. പണം തരപ്പെടുത്തി നൽകിയത് താനാണ്. പണം കൈമാറിയ കാര്യം സരിത അറിയിച്ചിരുന്നുവെന്നും ബിജു കമ്മിഷനോടു പറഞ്ഞു.
പി.സി. വിഷ്ണുനാഥ് എംഎൽഎയ്ക്കും മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിന്നും പണം നൽകിയെന്ന കാര്യത്തിലും ബിജു ഉറച്ചു നിന്നു.