ന്യൂഡൽഹി∙ കർഷകർക്ക് ഒരു വർഷത്തേക്ക് നാലു ശതമാനം പലിശയ്ക്ക് മൂന്നു ലക്ഷം രൂപ വായ്പ നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രമന്ത്രിസഭാ വികസനത്തിന് പിന്നാലെ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. രാജ്യത്തെ മൂന്നു ഹൈക്കോടതികളെ പുനർനാമകരണം ചെയ്യാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
കൽക്കട്ട ഹൈക്കോടതി, ബോംബെ ഹൈക്കോടതി, മദ്രാസ് ഹൈക്കോടതി എന്നിവയുടെ പേരുകളാണ് മാറ്റുകയെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്ര ടെലകോം മന്ത്രി രവി ശങ്കർ പ്രസാദ് അറിയിച്ചു. ഇവ യഥാക്രമം കൊൽക്കത്ത ഹൈക്കോടതി, മുംബൈ ഹൈക്കോടതി, ചെന്നൈ ഹൈക്കോടതി എന്നിങ്ങനെയായിരിക്കും ഇനിമുതൽ അറിയപ്പെടുക.
അതേസമയം, തമിഴ്നാട്ടിലെ കുളച്ചൽ തുറമുഖ നിർമ്മാണത്തിനും കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകിയത് കേരളത്തിന് തിരിച്ചടിയായേക്കും. വിഴിഞ്ഞം തുറമുഖ പദ്ധതിയെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.