തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് വാസയോഗ്യമാക്കുന്നതിനു ചെലവിട്ട സംഖ്യ സംബന്ധിച്ച് നിയമസഭയിൽ യുഡിഎഫ് ഉന്നയിച്ച ചോദ്യം ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണെന്ന് വി.എസ്.അച്യുതാനന്ദൻ.
ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് കന്റോൺമെന്റ് ഹൗസിൽ താമസിച്ചിരുന്നില്ല. വസതി വാസയോഗ്യമല്ലാത്തതുകൊണ്ടാണ് അദ്ദേഹം അവിടെ താമസിക്കാതിരുന്നത്. അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിലെ ആളുകൾ ലോഡ്ജ് പോലെ ഈ പൈതൃക സ്മാരകം ഉപയോഗിച്ചു വരികയായിരുന്നു. കാന്റീൻ വരെ അവിടെ നടത്തിയിരുന്നതായാണ് കാണാൻ കഴിഞ്ഞിരുന്നത്. തിരുവിതാംകൂർ – കേരള രാഷ്ട്രീയത്തിലെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ ഈ പൈതൃക സ്ഥാപനം കാത്തുസൂക്ഷിക്കണം എന്ന നിർബന്ധം കൊണ്ടാണ് കന്റോൺമെന്റ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചത്. അതിന് ആവശ്യമായ തുക ചെലവാക്കിയതു സർക്കാരാണ്.
താനും കുടുംബവും താമസിച്ചത് ഈ പൈതൃക സ്ഥാപനത്തിനോടു ചേർന്ന് തകര മേൽക്കൂരയുള്ള ഔട്ട്ഹൗസിലാണ്. ഇക്കാര്യം ഏതൊരാൾക്കും ഇവിടെവന്ന് പരിശോധിച്ചാൽ ബോധ്യപ്പെടുന്നതാണ്. പത്രസമ്മേളനങ്ങൾക്കും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും മാത്രമേ ഈ പൈതൃക സ്ഥാപനം ഉപയോഗിച്ചിരുന്നുള്ളൂ. തന്റെ പഴ്സനൽ സ്റ്റാഫും അനുബന്ധ ജോലിക്കാരും ഓഫിസും ഇതോടുചേർന്ന കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. തന്റെ ഓഫിസ് പ്രവർത്തിക്കുന്ന ഒരു കെട്ടിടം ആയിരുന്നതുകൊണ്ട് ഫോണിനും ഇന്റർനെറ്റിനുമൊക്കെ ചെലവായ തുക പൊതു ആവശ്യത്തിനു വേണ്ടി വിനിയോഗിച്ചിട്ടുള്ളതാണ്.
ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ചെലവിട്ടത് 5.67 ലക്ഷം രൂപയാണെന്നും പുറത്തുവന്നിട്ടുണ്ട്. താൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിനു ശേഷം അവിടെ താമസിക്കാൻ വന്ന ഉമ്മൻചാണ്ടിക്ക് ഇത്രയും ചെറിയ തുകമാത്രം ചെലവാക്കേണ്ടിവന്നത് താൻ താമസിച്ചപ്പോൾ ക്ലിഫ് ഹൗസ് നന്നായി പരിപാലിച്ചതുകൊണ്ടാണെന്നും വിഎസ് പ്രസ്താവനയിൽ പറഞ്ഞു.
courtesy : manorama online