ന്യൂഡൽഹി∙ ഏകീകൃത വ്യക്തി നിയമം അടിച്ചേൽപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യത്തിൽ എല്ലാ അഭിപ്രായങ്ങളും മാനിക്കുമെന്നും ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്‍വി പറഞ്ഞു. ഹിന്ദുനിയമം നടപ്പാക്കാനല്ല സർക്കാർ ശ്രമിക്കുന്നത്. വിശ്വാസപരമായ അധികാരങ്ങളിൽ സർക്കാർ കൈകടത്തില്ല. ഭരണഘടനാപരമായ ബാധ്യത മാത്രമാണ് സർക്കാർ നിറവേറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ബിജെപിയുടെ സ്റ്റണ്ടാണിതെന്ന കോൺഗ്രസിന്റെ അഭിപ്രായത്തെ കേന്ദ്രമന്ത്രി തള്ളി. ഏകീകൃത വ്യക്തി നിയമവും യുപി തിരഞ്ഞെടുപ്പുമായി ബന്ധമില്ല. കോൺഗ്രസ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും നഖ്‍വി പറഞ്ഞു. ഏകീകൃത വ്യക്തി നിയമം നടപ്പാക്കുന്നതു സംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്ര നിയമ മന്ത്രാലയം ലോ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും വലിയ ചർച്ചയായത്.