പാലക്കാട് ∙ ചിറ്റൂരിനു സമീപം പട്ടഞ്ചേരിയിൽ ഒരാൾക്കു കോളറ രോഗം സ്ഥിരീകരിച്ചു. വയറിളക്ക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ മേഖലയിൽ ആരോഗ്യവകുപ്പ് സംഘം ഇന്നു രാവിലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇത്തരം കൂടുതൽ കേസുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പു നൽകി. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്.
തുടർന്നു കെ. കൃഷ്ണൻകുട്ടി എംഎൽഎയുടെ അധ്യക്ഷതയിൽ പട്ടഞ്ചേരിയിൽ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കലക്ടർ പി. മേരിക്കുട്ടിയും സ്ഥലത്തെത്തിയിരുന്നു. പട്ടഞ്ചേരി കടുംചിറയിലും നന്ദിയോട് പുള്ളിമാൻചള്ളയിലുമായി മൂന്നു പേർ വയറിളക്കത്തെ തുടർന്നു മരിച്ചിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ എൺപതോളം പേർക്കു മാരക വയറിളക്ക രോഗമുള്ളതായി കണ്ടെത്തിയിരുന്നു. ജില്ലാ, താലൂക്ക് ആശുപത്രികളിലായി 25 പേർ ചികിത്സയിലാണ്.
ജില്ലയിൽ കോട്ടായിയിൽ ഒരാൾക്കു ഡിഫ്തീരിയ (തൊണ്ടമുള്ള്) രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. കോട്ടായി അയ്യംകുളം സ്വദേശിക്കാണു രോഗം കണ്ടെത്തിയത്.