കോഴിക്കോട്∙ മാപ്പ് പറയണമെന്ന എം.കെ.രാഘവൻ എംപിയുടെ ആവശ്യത്തിന് ‘കുന്നംകുളത്തിന്റെ മാപ്പ്’ ഫെയ്സ്ബുക് പോസ്റ്റാക്കി കോഴിക്കോട് കലക്ടർ എൻ.പ്രശാന്തിന്റെ തിരിച്ചടി. പുതിയ പോസ്റ്റ് വന്നതോടെ ഇരുവരും തമ്മിലുള്ള പോര് മുറുകുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ വിമർശനത്തിനു കലക്ടർ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ടക്കേസ് നൽകുമെന്ന് എം.കെ. രാഘവൻ എംപി അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഫെയ്സ്ബുക്ക് പേജിൽ കോഴിക്കോട് കലക്ടർ എൻ. പ്രശാന്ത് കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്തത്. ഒരു മലയാളം സിനിമയിലും ‘കുന്നംകുളത്തിന്റെ മാപ്പ്’ സംബന്ധിച്ച് വളരെ പ്രശസ്തമായ ഒരു ഹാസ്യരംഗമുണ്ട്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട എംപിക്ക് പരിഹാസരൂപേണ കലക്ടർ നൽകിയ മറുപടിയാണിതെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എന്നാൽ പ്രത്യേകിച്ച് ഒന്നും ഉദ്ദേശിച്ചില്ലെന്നും ഇത് കാണുന്നവർക്ക് എന്തും വിചാരിക്കാമെന്നും കലക്ടർ എൻ. പ്രശാന്ത് പ്രതികരിച്ചു. പൊതുജനം ഭൂമിശാസ്ത്രം അറിയുന്നതിനാണ് കുന്നംകുളത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ആരെയും അധിക്ഷേപിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ആക്രമിക്കുന്നു. അത് വിവാദമാക്കാനില്ല. രോഷാകുലനാകാൻ ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം പക്വതയോടെ കാണണമെന്നും കലക്ടർ വ്യക്തമാക്കി.
എന്നാൽ കോഴിക്കോട് കലക്ടർക്ക് എന്തോ കുഴപ്പമുണ്ടെന്നായിരുന്നു എംപിയുടെ പ്രതികരണം. താൻ ഉന്നയിച്ച കാര്യങ്ങൾ ഇതുവരെ കലക്ടർ പരിശോധിച്ചിട്ടില്ല. മറ്റു എംപിമാർക്ക് ഇല്ലാത്ത പരിശോധന എനിക്ക് മാത്രമെന്താണ്. ആയിരക്കണക്കിന് ജനങ്ങളുടെ വോട്ട് നേടിയാണ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. കലക്ടറുടെ ഇത്തരം നടപടി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും എംപി ആരോപിച്ചു. എംപിയും കലക്ടറും തമ്മിൽ കഴിഞ്ഞ കുറച്ചുക്കാലമായി അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്.
ആരോപണമുന്നയിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിക്കുകയും ചെയ്ത കോഴിക്കോട് ജില്ലാ കലക്ടർ എൻ. പ്രശാന്തിനെതിരേ ലോക്സഭാ പ്രിവിലേജ് കമ്മിറ്റിയേയും സ്പീക്കറെയും സമീപിക്കുമെന്ന് എം.കെ. രാഘവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിആർഡി വഴിയാണ് തനിക്കെതിരേയുള്ള വിമർശനം കലക്ടർ മാധ്യമങ്ങളിലെത്തിച്ചത്. ഇതിനെതിരേ മുഖ്യമന്ത്രിക്കു പരാതി നൽകും. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനു സൈബർ കേസ് നൽകുമെന്നും എംപി പറഞ്ഞിരുന്നു.
ജില്ലാഭരണകൂടത്തിന്റെ നിസഹകരണംമൂലം എംപി ഫണ്ട് വിനിയോഗത്തിൽ പിന്നാക്കംപോയതിന് ഉദാഹരണങ്ങൾ സഹിതം പദ്ധതി അവലോകനയോഗത്തിൽ എം.കെ.രാഘവൻ എംപി സംസാരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ എംപിയെ മോശക്കാരനായി ചിത്രീകരിച്ച് കലക്ടർ എൻ.പ്രശാന്ത് വാട്സ്്ആപ്പിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നാണ് ആരോപണം.
അതേസമയം, പദ്ധതികളുടെ നടത്തിപ്പിൽ നടപടിക്രമങ്ങൾ പാലിക്കും. ഒച്ചവച്ചും വിരട്ടിയും അതൊഴിവാക്കാൻ ശ്രമിക്കേണ്ട. വ്യക്തിപരമായ വിരട്ടലുകൾക്കു മറുപടി പറയുന്നില്ല. ആ നിലവാരത്തിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. എംപിയുടെ ഒരു പദ്ധതികൾക്കും ഭരണാനുമതി നൽകാതിരുന്നിട്ടില്ല. ബില്ലുകൾ പരിശോധിച്ച് പണം കൊടുക്കാൻ ബാക്കിയുണ്ട്. ഇതു കരാറുകാരെ മാത്രം ബാധിക്കുന്ന കാര്യമാണെന്നുമാണ് കലക്ടറുടെ വിശദീകരണം.
courtesy : manorama online