ലോക്സഭയിൽ കോണ്‍ഗ്രസ്- ബിജെപി പോര്

232

ന്യൂഡൽഹി∙ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതിനെച്ചൊല്ലി ലോക്സഭയില്‍ കോണ്‍ഗ്രസ്- ബിജെപി പോര്. അരുണാചലിലും ഉത്താരാഖണ്ഡിലും കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാർഗെ കുറ്റപ്പെടുത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിച്ചുള്ള പാരമ്പര്യം കോണ്‍ഗ്രസിനാണുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തിരിച്ചടിച്ചു.

അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാർഗെയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് സ്പീക്കര്‍ അംഗീകരിച്ചില്ലെങ്കിലും ശൂന്യവേളയില്‍ വിഷയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുകയായിരുന്നു ഖാർഗെ. ജനപ്രിയ സര്‍ക്കാരുകളെ അട്ടിമറിച്ച് സംസ്ഥാനങ്ങളില്‍ പിന്‍വാതിലിലൂടെ അധികാരത്തിലെത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീംകോടതി പോലും കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഉടന്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. കോണ്‍ഗ്രസ് 105 തവണ സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിച്ചിട്ടുണ്ടെന്നും സര്‍ക്കാരുകളെ അട്ടിമറിച്ചു പിന്‍വാതിലിലൂടെ അധികാരത്തിലെത്തിയ പാരമ്പര്യം കോണ്‍ഗ്രസിനാണുള്ളതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മറുപടി നല്‍കി. കോണ്‍ഗ്രസിന്‍റെ ആഭ്യന്തര പ്രശ്നങ്ങളാണ് ഉത്തരാഖണ്ഡിലും അരുണാചലിലും സര്‍ക്കാരുകള്‍ വീഴാന്‍ കാരണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ് അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുകയാണ്. ബോട്ടിൽ ഒരു ദ്വാരമിട്ട് അതു വെള്ളത്തിൽ ഇറക്കിയാൽ മുങ്ങിപ്പോകും. അതിനു വെള്ളത്തെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്നാഥ് സിങ്ങിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സഭയിൽനിന്നും ഇറങ്ങിപ്പോയി.

NO COMMENTS

LEAVE A REPLY