തിരുവനന്തപുരം ∙ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മുൻതൂക്കം. എൽഡിഎഫ് (7), യുഡിഎഫ് (5), ബിജെപി (3) എന്നിങ്ങനെയാണ് കക്ഷിനില. 11 ജില്ലകളിലെ 15 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള പാപ്പനംകോട് വാർഡിലും ചേർത്തല മുനിസിപ്പാലിറ്റിയിലെ സിവിൽ സ്റ്റേഷൻ, തൃപ്പൂണിത്തറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര തുടങ്ങിയ വാർഡുകളിലുമാണ് ശ്രദ്ധേയ മൽസരങ്ങൾ നടന്നത്.
തിരുവനന്തപുരം
പാപ്പനംകോടില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി. വി.ആശാനാഥിന് വിജയം. യുഡിഎഫ് മൂന്നാം സ്ഥാനത്തായി.
ആലപ്പുഴ
ചേർത്തല നഗരസഭയിൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി ജയം. ബിജെപി സ്ഥാനാർഥി ഡി. ജ്യോതിസ് വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. സ്വതന്ത്രനാണ് ജയിച്ചത്. പാലമേൽ പഞ്ചായത്തിൽ കോൺഗ്രസിൽ നിന്നു സിപിഎം സീറ്റ് പിടിച്ചെടുത്തു. ഷൈലജാ ഷാജിയാണ് വിജയിച്ചത്.
കോട്ടയം
മണര്‍കാട് പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ ബിജെപിക്ക് അട്ടിമറി ജയം. സിന്ധു കൊരട്ടിക്കുന്നേല്‍ 198 വോട്ടുകൾക്കു വിജയിച്ചു. സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി.
എറണാകുളം
തൃപ്പൂണിത്തുറ നഗരസഭ ചക്കംകുളങ്ങര വാര്‍ഡ് ബിജെപിയില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി ശബരിഗിരീശന്‍ 96 വോട്ടിന് ജയിച്ചു.
പാലക്കാട്
ഒറ്റപ്പാലം നഗരസഭയിലെ കണ്ണിയംപുറം വായനശാല വാർഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി കെ.കെ. രാമകൃഷ്ണൻ 385 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. ബിജെപി സ്ഥാനാർഥി വി.എം. ഹരിദാസ് രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫ് റിബൽ സ്ഥാനാർഥി വി. ജയരാജ് മൂന്നാം സ്ഥാനത്തും യുഡിഎഫിന്റെ ലക്ഷ്മണൻ നാലാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെട്ടു. നിലവിലുണ്ടായിരുന്നു സിപിഎം കൗൺസിലർ കെ.പി. രാമരാജന്റെ മരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
ഇടുക്കി
തൊടുപുഴ കൊക്കയാർ പഞ്ചായത്തിലെ മുളംകുന്ന് വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു അട്ടിമറി വിജയം. സിപിഎം സ്വതന്ത്രൻ തോമസ് ലൂക്കോസ് 235 വോട്ടുകൾക്ക് യുഡിഎഫിലെ ജോസഫ് ഏബ്രഹാമിനെ പരാജയപ്പെടുത്തി. ഇതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിൽ നിന്നു എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്.
തൃശൂർ
കൊടുങ്ങല്ലൂർ എസ്എൻ പുരം പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. 98 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈദ്രോസ് വിജയിച്ചത്.
മലപ്പുറം
ഊരകം പഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. 114 വോട്ടുകൾക്കാണ് യുഡിഎഫ് സ്വതന്ത്ര റീന തിരുത്തി ജയിച്ചത്. 158 വോട്ടുകൾക്ക് എൽഡിഎഫ് ജയിച്ചിരുന്ന വാർഡാണിത്. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അംഗം രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. റീന തിരുത്തി 561, രജിത സുനിൽ കുമാർ (എൽഡിഎഫ് )447, കെ.കെ. കമലം (ബിജെപി) 25 എന്നിങ്ങനെയാണു വോട്ടു നില.
കോഴിക്കോട്
ഓമശേരി പഞ്ചായത്തിലെ ഓമശേരി ഈസ്റ്റ് വാർഡ് എൽഡിഎഫ് നിലനിർത്തി. കെ.കെ.ഭാസ്കരൻ 98 വോട്ടിനാണ് ജയിച്ചത്.
കണ്ണൂർ
കല്യാശേരി പഞ്ചായത്ത് ആറാം വാർഡ് അഞ്ചാംപീടിക ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. സിപിഎമ്മിലെ ഡി.രമ ഭൂരിപക്ഷത്തോടെ വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ഒ.വി.ലതയ്ക്ക് 117 വോട്ടു ലഭിച്ചു. ആകെ പോൾ ചെയ്ത 739 വോട്ടിൽ 622 വോട്ട് എൽഡിഎഫിന് ലഭിച്ചു. കല്യാശേരി പഞ്ചായത്ത് ഹാളിലാണ് വോട്ടെണ്ണൽ നടന്നത്. ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ 65 ശതമാനം പോളിങ് നടന്നിരുന്നു. എൽഡിഎഫ് ഭരിക്കുന്ന കല്യാശേരി പഞ്ചായത്തിൽ പ്രതി പക്ഷ അംഗങ്ങളില്ല.
കാസർകോട്
കാസർകോട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് ഭൂരിപക്ഷം നിലനിർത്തി. ഉദുമ ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ഷാനവാസ് പാദൂർ വിജയിച്ചു. 1886 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് – ഐഎൻഎൽ സ്ഥാനാർഥി മൊയ്തീൻ കുട്ടി കളനാടിനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിലെ 17 അംഗ ഭരണസമിതിയിൽ യുഡിഎഫ് – എട്ട്, എൽഡിഎഫ്– ഏഴ്, ബിജെപി – രണ്ട് എന്ന നിലവിലെ സ്ഥിതി തുടരും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ കോൺഗ്രസ് നേതാവ് പാദൂർകുഞ്ഞാമു ഹാജി നിര്യാതനായതിനെത്തുടർന്നാണു ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പാദൂർ കുഞ്ഞാമുവിന്റെ മകനാണ് ജയിച്ച ഷാനവാസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6437 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിലെ പാദൂർ കുഞ്ഞാമു ഹാജി ജയിച്ചത്.
courtesy : manorama online