റിസോർട്ട് പൊളിക്കാതിരിക്കാൻ സച്ചിൻ പരീക്കറിന്റെ സഹായം തേടിയെന്ന് ആരോപണം

203

ന്യൂഡൽഹി∙ നിയമവിരുദ്ധമായി പ്രവർത്തിച്ച ബിസിനസ് പങ്കാളിയുടെ താൽപര്യം സംരക്ഷിക്കാൻ സച്ചിൻ തെന്‍ഡുൽക്കർ കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കറിന്റെ സഹായം തേടിയതായി ആരോപണം. സച്ചിന്റെ ബിസിനസ് പങ്കാളികളിലൊരാൾ മസൂറിയിൽ പ്രതിരോധവകുപ്പിന്റെ അധീനതയിലുള്ള സ്ഥലം കയ്യേറി നിർമിച്ച റിസോർട്ട് പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് രാജ്യസഭാ എംപി കൂടിയായ സച്ചിൻ പ്രതിരോധവകുപ്പു മന്ത്രി മനോഹർ പരീക്കറിനെ സമീപ്പിച്ചതെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.

ഓസ്ട്രേലിയയിലേക്ക് യാത്ര പോകാനിരുന്ന സച്ചിൻ, ഈ യാത്രപോലും റദ്ദാക്കിയാണ് പരീക്കറിനെ കാണാന്‍ അനുമതി തേടിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. സച്ചിന്റെ ആവശ്യം ക്ഷമയോടെ കേട്ട പരീക്കർ, നിയമവിരുദ്ധമായി നിയമിച്ച റിസോർട്ടാണെന്നതിനാൽ പ്രശ്നത്തിൽ ഇടപെടാൻ വിസമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്. സച്ചിന്റെ ബിസിനസ് പങ്കാളിയായ സഞ്ജയ് നാരംഗിന്റെ കൂടി ഉടമസ്ഥതതയിലുള്ളതാണ് ഈ റിസോർട്ട്.

പ്രതിരോധ വകുപ്പിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) അധീനതയിലുള്ള 50 അടിയിലധികം സ്ഥലം റിസോർട്ട് നിർമാണത്തിനിടെ കൈയ്യേറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിന് പ്രവർത്തനാനുമതി നിഷേധിച്ചത്. ഡിആർഡിഒയ്ക്ക് കീഴിലുള്ള രഹസ്യസ്വഭാവമുള്ള ടെക്നോളജി മാനേജ്മെന്റ് എന്ന സ്ഥാപനത്തിന് സമീപമാണ് റിസോർട്ട് നിർമിച്ചിരിക്കുന്നത്. ഈ സ്ഥാപനത്തിനു കീഴിലുള്ള 50 അടി സ്ഥലമാണ് കൈയ്യേറിയിരിക്കുന്നത്. നിയന്ത്രിത നിർമാണങ്ങൾക്കുമാത്രം അനുമതിയുള്ള ഈ പ്രദേശത്ത് ടെന്നിസ് കോർട്ട് നിർമിക്കാനാണ് നാരംഗ് അനുവാദം തേടിയതെന്നും ഇതിന്റെ മറപറ്റി പിന്നീട് വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുകയായിരുന്നുവെന്നുമാണ് ആരോപണം.

ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമം സംഭവത്തിൽ സച്ചിന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചതായാണ് വിവരം. സംഭവത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകാൻ പ്രതിരോധ മന്ത്രാലയവും വിസമ്മതിച്ചു.
courtesy : manorama online

NO COMMENTS

LEAVE A REPLY