തിരുവനന്തപുരം∙ അഡ്വ.എം.കെ.ദാമോദരനെതിരെ ഗുരുതര ആരോപണങ്ങളുമായി വി.എസ്.അച്യുതാനന്ദൻ. ഹൈക്കോടതിയില്‍ കേസുകള്‍ വഴിവിട്ടരീതിയില്‍ ഒത്തുതീര്ക്കുന്നയാളാണ് ദാമോദരനെന്നാണ് മുഖ്യമന്ത്രിയായിരിക്കെ, 2007 ജൂലൈയിൽ വിഎസ്, പ്രകാശ് കാരാട്ടിനെഴുതിയ കത്തിലെ ആരോപണം. ലിസ്, ഐസ്ക്രീം പാര്‍ലര്‍ കേസുകള്‍ ഇത്തരത്തില്‍ ദാമോദരന്‍ അട്ടിമറിച്ചെന്നും കത്തിൽ പറയുന്നു.
പിണറായി വിജയന് നയിച്ച അന്നത്തെ പാര്‍ട്ടി സംസ്ഥാനനേതൃത്വത്തെ അഴിമതിക്കാരെന്നു നേരിട്ട് ആക്ഷേപിക്കുന്ന കത്തില്‍ അവരുടെ പിണിയാളായാണ് എം.കെ.ദാമോദരനെ അവതരിപ്പിക്കുന്നത്. 500 കോടിരൂപയുടെ ലിസ് കുംഭകോണത്തില്‍ പ്രതികളെ രക്ഷിക്കാനും അവര്‍ക്ക് വീണ്ടും തട്ടിപ്പു നടത്താനും പാര്‍ട്ടി നേതൃത്വവും ദാമോദരനും ഒത്താശ ചെയ്തുവെന്ന് വിഎസ് ആരോപിക്കുന്നു.
ഹൈക്കോടതിയില്‍ കേസുകള്‍ വഴിവിട്ടരീതിയില്‍ ഒത്തുതീര്‍ക്കുന്ന ആളാണ് ദാമോദരന്‍ എന്നതാണ് വിഎസ് നടത്തുന്ന ഏറ്റവും ഗുരുതരമായ പരാമര്‍ശം. ദാമോദരൻ കേസുകൾ ‘ഫിക്സ്’ ചെയ്യുന്ന ആളാണ്. എല്ലാ മാഫിയകളും കുറ്റകൃത്യങ്ങള്‍ ചെയ്തശേഷം രക്ഷയ്ക്കായി ദാമോദരനെയാണ് സമീപിക്കുന്നത്. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ സര്‍ക്കാരിനു തെറ്റായ നിയമോപദേശം നല്കി, ലിസ് കേസില്‍ നിന്ന് ജസ്റ്റിസ് കെ.ടി.ശങ്കരനെ ഒഴിവാക്കാന്‍ അദ്ദേഹത്തിന്റെ ജൂനിയറായിരുന്ന അഭിഭാഷകനെ കൂടെച്ചേര്‍ത്തു തുടങ്ങിയ ആരോപണങ്ങളും വിഎസ് ഉദാഹരണങ്ങളായി നിരത്തുന്നു.
അനധികൃതലോട്ടറിക്കാര്, മൂന്നാറിലെ കയ്യേറ്റക്കാര്‍, ഡിവൈന്‍ ധ്യാനകേന്ദ്രം തുടങ്ങിയ സ്ഥാപിതതാല്പര്യക്കാരാണ് ദാമോദരന്റെ കക്ഷികളില്‍ ഏറെയുമെന്നും വിഎസ് ആരോപിക്കുന്നു. ദേശാഭിമാനി ലിസില് നിന്ന് ഒരുകോടി രൂപ കോഴ വാങ്ങിയെന്നു പലകുറി ആവര്‍ത്തിക്കുന്ന വിഎസ് ഈ തുക യഥാര്‍ഥ കോഴയുടെ ഒരംശം മാത്രമാണെന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.