രാഷ്ട്രീയ ആയുധമായി അപകീർത്തി നിയമത്തെ ഉപയോഗിക്കരുത് : സുപ്രീംകോടതി

183

ന്യൂഡൽഹി∙ അപകീർത്തി നിയമം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. സർക്കാർ അഴിതിയെക്കുറിച്ചോ മറ്റുമുള്ള വിമർശനങ്ങൾക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്ത് പ്രോസിക്യൂട്ട് ചെയ്യരുതെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. തമിഴ്നാട് സർക്കാരിനെതിരെയാണ് സുപ്രീംകോടതിയുടെ വിമർശനം.

സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്ന നിയമസഭാ സാമാജികർ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നത് വിപരീത ഫലമാണ് ഉണ്ടാക്കുക. സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശത്തെയാണു തടസ്സപ്പെടുത്തുന്നത്. വിമർശനങ്ങളോടു സഹിഷ്ണുത കാട്ടണം. രാഷ്ട്രീയ ആയുധമായി അപകീർത്തി നിയമത്തെ ഉപയോഗിക്കരുത്. ജയലളിത സർക്കാർ നിരവധി അപകീർത്തിക്കേസുകളാണ് നൽകിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

സംസാര സ്വാതന്ത്ര്യത്തിനെതിരായ നടപടികളാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെടുക്കുന്നതെന്നു കാട്ടി ഡിഎംഡികെ അധ്യക്ഷൻ ക്യാപ്റ്റൻ വിജയകാന്ത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ജഡ്ജിമാരായ ദീപക്ക് മിശ്ര, ആർ.എഫ്.നരിമാൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ സമ്മളനത്തിലെ പരാമർശത്തെത്തുടർന്ന് വിജയകാന്തിനെതിരെയും ഭാര്യ പ്രേമലതയ്ക്കെതിരെയും തമിഴ്നാട് സർക്കാർ കേസെടുത്തിരുന്നു.

ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും ഹർജിക്കാരിൽ ഒരാളായിരുന്നു. സ്വാമിക്കെതിരെ തമിഴ്നാട് സർക്കാർ മൂന്ന് ക്രിമിനൽ മാനനഷ്ടക്കേസാണ് ഫയൽ ചെയ്തിരുന്നത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവരും ഹർജി നൽകിയിട്ടുണ്ട്.

അതേസമയം, നിയമസഭാ സാമാജികർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ തമിഴ്നാട് സർക്കാർ എടുത്ത അപകീർത്തിക്കേസുകളെക്കുറിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY