കൊച്ചി ∙ കാർ മോഷ്ടിക്കാനായി ടാക്‌സി ഡ്രൈവർ പെരുമ്പാവൂർ ഏഴിപ്രം മുള്ളൻകുന്ന് തച്ചരുകുടി ഹൈദരാലി (46) യെ ഓട്ടം വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തി കാർ തട്ടിയെടുത്ത കേസിലെ പ്രതികളായ ഇടുക്കി പള്ളിവാസൽ പോതമേട് മണി (ശെൽവിൻ- 29), തമിഴ്‌നാട് തിരുച്ചിറപ്പള്ളി വളയൂർ അമ്മൻകോവിൽ തെരുവിൽ സെബാസ്‌റ്റ്യൻ (49), തമിഴ്‌നാട് ഈറോഡ് സ്വദേശികളായ പെരിയാർ നഗർ കൊളുത്തുപ്പള്ളൈ ശിവ (29), വ്യാജ നമ്പർപ്ലേറ്റ് നിർമിച്ച പാണ്ടി (35) എന്നിവർ കുറ്റക്കാരാണെന്നു വിചാരണ കോടതി കണ്ടെത്തി. ശിക്ഷ 26 നു വിധിക്കും.
കേസിലെ പ്രായപൂർത്തായാവാത്ത നാലാം പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ പിന്നീടു നടക്കും. 2012 ഓഗസ്റ്റ് 15ന് ഉച്ചയ്‌ക്കു രണ്ടു മണിക്കാണു പെരുമ്പാവൂർ മുനിസിപ്പൽ സ്‌റ്റാൻഡിലെത്തിയ ഒന്നാം പ്രതി കാർ ഓട്ടം വിളിച്ചത്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിക്കു മുന്നിലെത്തിയപ്പോൾ മറ്റു മൂന്നു പേർ കയറി. ആദ്യ മൂന്നു പ്രതികൾക്കെതിരെ കൊലക്കുറ്റവും അഞ്ചാം പ്രതി പാണ്ടിക്കെതിരെ തെളിവു നശിപ്പിച്ച കുറ്റവുമാണു കോടതി കണ്ടെത്തിയത്.
യാത്രയ്ക്കിടയിൽ വണ്ടിയുടെ ഡിക്കിയിൽ എന്തെങ്കിലുമുണ്ടോയെന്നു നോക്കണമെന്നു പ്രതികൾ ഹൈദരാലിയോടു പറഞ്ഞു. വണ്ടി നിറുത്തി ഡിക്കി തുറക്കുന്നതിനിടയിൽ പ്രതികളിലൊരാൾ ചുറ്റികകൊണ്ടു ഹൈദരാലിയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു. മറ്റു പ്രതികൾ കമ്പി കൊണ്ട് അടിച്ചു. കയർ കഴുത്തിൽ മുറുക്കി മരണം ഉറപ്പാക്കി കാറിന്റെ സീറ്റിലിട്ടിരുന്ന ടർക്കി ടവൽ മൃതദേഹത്തെ പുതപ്പിച്ചു. ഇതിനുശേഷം കൈവശം കരുതിയിരുന്ന പെട്രോൾ ഒഴിച്ചു കത്തിച്ചു.
മണി കാറുമായി പൂപ്പാറയിലേക്കും മറ്റു മൂന്നു പേർ പെരുമ്പാവൂരിലേക്കും പോയി. വായ്‌ക്കരയിൽ വാടകയ്‌ക്കു താമസിച്ചിരുന്ന ആളാണ് കാർ വിളിക്കാൻ വന്നതെന്ന ടാക്‌സി ഡ്രൈവർമാരുടെ മൊഴിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു മണി കുടുങ്ങിയത്. കേരള നമ്പർ മാറ്റി തമിഴ്‌നാട് പ്രൈവറ്റ് റജിസ്‌ട്രേഷൻ നമ്പർ പതിച്ച കാർ കമ്പത്തെ പാർക്കിങ് സ്ഥലത്തു കണ്ടെത്തി. 16നു രാവിലെയാണു തായ്‌ക്കരച്ചിറങ്ങര-പഞ്ചായത്ത് ഓഫിസ് റോഡിൽ ഹൈദരാലിയുടെ മൃതദേഹം ഭാഗികമായി കത്തിയ നിലയിൽ കണ്ടത്.
മണി വീടുകളിലെ തോട്ടങ്ങളിൽ പുല്ലുവെട്ടു ജോലിയും മേസ്‌തരിപ്പണിയും ചെയ്‌തിരുന്നയാളാണ്. സെബാസ്‌റ്റ്യൻ പെരുമ്പാവൂരിൽ ആക്രി കച്ചവടം നടത്തുകയായിരുന്നു. പ്രതിഭാഗം ഹാജരാക്കിയ രേഖകൾ പ്രകാരം പ്രായപൂർത്തിയാവാത്ത പ്രതിയുടെ യഥാർഥ പ്രായം സംബന്ധിച്ചു പൊലീസിനു സംശയമുണ്ട്. ഇതേ പ്രതിയെ മോഷണക്കേസിൽ പെരുമ്പാവൂർ കോടതി നേരത്തെ വിചാരണ ചെയ്തു വിട്ടയച്ചിരുന്നു. ഈ കേസിൽ പ്രതിക്കു പ്രായക്കുറവുണ്ടെന്ന വാദം പ്രതിഭാഗം ഉന്നയിച്ചിരുന്നില്ല.
കുറുപ്പംപടി സിഐ ക്രിസ്‌പിൻ സാമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അഡീ. സെഷൻസ് ജഡ്ജി കെ.എസ്.അംബികയാണു കേസിൽ വാദം കേട്ടത്. പ്രോസിക്യൂഷനു വേണ്ടി അഡീ.പബ്ലിക്ക് പ്രോസിക്യൂട്ടർ ടി.പി.ജോസഫും പ്രായപൂർത്തിയാവാത്ത പ്രതിക്കുവേണ്ടി അഡ്വ.കെ.എസ്.ജിജോയും ഹാജരായി.